ദോഹ : ഖത്തറിൽ ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കുന്നതിന് വാണിജ്യ, വ്യവസായ മന്ത്രാലയം ആപ്പ് അവതരിപ്പിച്ചതിന് ശേഷം പരാതികളുടെ എണ്ണം ഗണ്യമായി വർധിച്ചതായി അധികൃതർ അറിയിച്ചു. ‘MOCIQATAR’ എന്ന പേരിലുള്ള ആപ്പാണ് പരാതികൾ സമർപ്പിക്കാൻ ഉപഭോക്താക്കളായി വാണിജ്യ, വ്യവസായ മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ പരാതികൾ സമർപ്പിക്കുന്നത് എളുപ്പമായതിനാലാണ് പരാതികളുടെ എണ്ണം വർധിച്ചതെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് കംബാറ്റിങ് കൊമേഴ്‌സ്യൽ ഫ്രോഡ് ഡിപ്പാർട്ട്‌മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടർ മുഹമ്മദ് അലി അൽ അദ്ബ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഒരു ഓഫിസിലും പോകാതെ എവിടെയിരുന്നും പരാതികൾ സമർപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനങ്ങളിലെ ഇടപാടുകളെ കുറിച്ച് പരാതിയുള്ളവർ കടയുടെ പേര്, ബിൽ, മറ്റ് ആവശ്യമായ രേഖകൾ തുടങ്ങിയവ ആപ്പിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും. വില നിർണയം, വിൽപന, ഉൽപ്പന്നം, സേവനം, പരസ്യം , ഇൻവോയ്‌സ്, പേയ്‌മെന്‍റ്, ലൈസൻസിങ്, ആരോഗ്യം, സുരക്ഷ, ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഉപഭോക്താക്കൾക്ക് സമർപ്പിക്കാം. ഐ ഫോൺ, ആൻഡ്രോയിഡ് ഫോണുകളിലെല്ലാം ഈ ആപ്പ് ഉപയോഗിക്കാം.