ദോഹ : അടുത്ത വർഷം മുതൽ ഖത്തർ എയർവേയ്സിന്റെ ആഗോള ആസ്ഥാനം മിഷെറീബ് ഡൗൺ ടൗൺ ദോഹയിൽ പ്രവർത്തനസജ്ജമാകും. ദോഹ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖത്തറിന്റെ സുസ്ഥിര നഗരമെന്നറിയപ്പെടുന്ന മിഷെറീബ് ഡൗൺ ടൗൺ ദോഹയിലായിരിക്കും 2025 മുതൽ ഖത്തർ എയർവേയ്സിന്റെ ആഗോള ആസ്ഥാനമെന്ന് കമ്പനി അധികൃതരാണ് പ്രഖ്യാപിച്ചത്.
മിഷെറീബ് ഡൗൺ ടൗൺ ഡവലപ്പർമാരായ മിഷെറീബ് പ്രോപ്പർട്ടീസുമായി ഖത്തർ എയർവേയ്സ് കരാർ ഒപ്പുവച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഏകദേശം 9 കിലോമീറ്റർ മാത്രം അകലെയുള്ള പുതിയ കേന്ദ്രത്തിലേക്ക് ജീവനക്കാർക്ക് എളുപ്പമെത്താം. ദോഹ മെട്രോയുടെ ഏറ്റവും വലുതും ട്രാൻസിറ്റ് സ്റ്റേഷനുമായ മിഷെറീബ് മെട്രോ സ്റ്റേഷനിലേക്ക് ഓഫിസിൽ നിന്നും 10 മീറ്റർ മാത്രമാണ് അകലം.
മിഷെറീബ് ഡൗൺ ടൗണിൽ നിന്ന് ദോഹ നഗരത്തിലുടനീളം എളുപ്പം യാത്ര ചെയ്യാം. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് പുതിയ ആഗോള ആസ്ഥാനം. മിഷെറീബിലെ അൽ നഖീൽ സ്ട്രീറ്റിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലാണ് ഓഫിസ്.