ദോഹ: രാഷ്ട്ര നേതാക്കളും നയതന്ത്ര പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും ഉൾപ്പെടെ ആയിരത്തിലേറെ പേരാണ് മൂന്ന് ദിവസമായി നടക്കുന്ന ഖത്തർ എക്കണോമിക് ഫോറത്തിന്റെ ഭാഗമാകുന്നത്. ഫെയർമൗണ്ട് ഹോട്ടലിൽ നടക്കുന്ന ഫോറം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു.പോളണ്ട് പ്രസിഡന്റ് ആന്ദ്രേസ് ഡ്യൂഡ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹിം, ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി പ്രബാവോ സുബിയാൻതോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സാങ്കേതിക മേഖലയിൽ ഖത്തർ കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ 900 കോടി ഖത്തർ റിയാൽ ഇൻസെന്റീവ് പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു. അൽ ഫനാർ എന്ന പേരിൽ അറബിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊജക്ടും ലോഞ്ച് ചെയ്തു. അറബി ഭാഷ ഡാറ്റാ കളക്ഷനാണ് പ്രൊജക്ട് വഴി ലക്ഷ്യമിടുന്നത്. പ്രകൃതി വാതക മേഖലയിൽ നിക്ഷേപം നടത്തുന്നത് തുടരുമെന്നും ഖത്തർ പ്രധാനമന്ത്രി അറിയിച്ചു.
ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആകർഷിക്കാൻ ഖത്തറിന് സാധിക്കുന്നുണ്ട്. നിരവധി പേർക്ക് അവസരങ്ങളുടെ വാതിൽ തുറന്നിടുകയാണ് രാജ്യം. കോവിഡ് മഹാമാരിയിൽ നിന്നും കരകയറുന്നതിന് മുമ്പ് തന്നെ ലോകം യുദ്ധങ്ങളുടെ കരിനിഴലിലാണ്, യുക്രൈൻ യുദ്ധം, ഗസ്സ യുദ്ധം, സുഡാനിലെ ആഭ്യന്തര പ്രശ്‌നങ്ങൾ എന്നിവ പ്രതിസന്ധികൾ രൂക്ഷമാക്കിയെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു