റിയാദ് : തൊഴിൽ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദിയിൽ പ്രവാസി തൊഴിലാളികളുടെ തൊഴിൽ യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പരിശോധന ആരംഭിച്ചു. ഏകീകൃത പ്ലാറ്റ്ഫോം വഴി ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളിൽ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് “പ്രഫഷണൽ വെരിഫിക്കേഷൻ” സേവനം നടപ്പിലാക്കുന്നത്. ഏതെല്ലാം രാജ്യങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക എന്നോ, ഏതെല്ലാം തൊഴിൽ മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ പുതിയ സേവനം പ്രാബല്യത്തിൽ വരിക എന്നോ ഇപ്പോൾ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
സൗദിയിലേക്ക് തൊഴിൽ വീസയിൽ വരുന്ന വിദേശികൾക്ക് ജോലി ചെയ്യാനാവശ്യമായ അക്കാദമിക് യോഗ്യത ഉണ്ടെന്ന് പരിശോധിക്കുകയും അത് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റു ഡോക്യുമെൻ്റുകളും ഉണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ജോലിചെയ്യാൻ ഉദ്ദേശിക്കുന്ന പ്രഫഷനനുരിച്ചുള്ള ലെവൽ, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് തുടങ്ങിയവയും പരിശോധിക്കും. മതിയായ രേഖകളും മുൻ പരിചയവും ഉള്ളവരെ മാത്രമേ സൗദി തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ അനുവദിക്കുകയുളളൂ. നേരത്തെ ആരംഭിച്ച തൊഴിൽ നൈപുണ്യ പരീക്ഷയിൽ നിന്ന് വ്യത്യസ്തമായാണ് പ്രഫഷനൽ വെരിഫിക്കേഷൻ എന്ന ഈ പുതിയ സേവനം.