ജിദ്ദ: സൗദിയിലെ അൽ വജ്ഹ് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും നിർത്തിവെക്കുന്നതായി സൗദി എയർലൈൻസ് അറിയിച്ചു. റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസുകൾ മാറ്റുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ടിക്കറ്റെടുത്തിട്ടുള്ള യാത്രക്കാർക്ക് പുതിയ ടിക്കറ്റുകളോ പണമോ നൽകുന്നതാണെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി.
ഈ മാസം 29 മുതൽ അൽ വജ്ഹ് വിമാനത്താവളത്തിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ സർവീസുകളും സൗദി എയർലൈൻസ് റദ്ദാക്കിയത്. യാത്ര റദ്ദാക്കുന്നവർക്ക് പണം തിരിച്ച് നൽകുമെന്നും വിമാന കമ്പനി അറിയിച്ചു. ഇതിന് ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങളോ പ്രത്യേക ഫീസോ ഉണ്ടാകില്ല.
റെഡ് സീ ഇന്റർനാഷണൽ കമ്പനിക്കാണ് അൽ-വാജ്ഹ് വിമാനത്താവളം വികസിപ്പിക്കുന്നതിന്റെ ചുമതല. അൽ-വാജ് വിമാനത്താവളത്തിനും റെഡ് സീ ഇന്റർനാഷണൽ എയർപോർട്ടിനുമിടയിൽ അതിഥികളെ കൊണ്ടുപോകുന്നതിന് സൗജന്യ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. അൽ വജ്ഹ് വിമാനത്താവളത്തിലെ നിലവിലെ ടെർമിനലും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിനൊപ്പം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും റെഡ് സീ ഇന്റർനാഷണൽ കമ്പനി അറിയിച്ചു