രണ്ടായിരത്തി മുപ്പത് വേൾഡ് എക്സ്പോക്കൊരുങ്ങുന്ന സൗദിയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാത്തിബ്. ദേശീയ ടൂറിസം സ്ട്രാറ്റജിയുടെ ഭാഗമായി പ്രഖ്യാപിച്ച ആറുലക്ഷം തൊഴിലവസരങ്ങൾക്ക് പുറമേയാണ് ഇത്. ഇതിനിടെ ഹദഫിന് കീഴിൽ അഞ്ച് കമ്പനികൾ വഴി അരലക്ഷം പേർക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് ധാരണയിലെത്തി.
എക്സിബിഷന്റെ ഭാഗമായി ആയിരത്തിലധികം ഹോട്ടൽ മുറികൾ രാജ്യത്ത് അധികമായി സജ്ജീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2019ൽ പ്രഖ്യാപിച്ച ദേശീയ ടൂറിസം സ്ട്രാറ്റജിയിൽ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾക്ക് പുറമേയാണ് പുതിയ അവസരങ്ങൾ. സ്ട്രാറ്റജി വഴി ആറു ലക്ഷം അവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കുക. ഇവയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞതായും മന്ത്രി വിശദീകരിച്ചു.
2030ഓടെ പതിനാറ് ലക്ഷം തൊഴിലവസരങ്ങളാണ് രാജ്യത്ത് നേരിട്ടും പരോക്ഷമായും സൃഷ്ടിക്കപ്പെടുക. ടൂറിസം മേഖലയിലെ തൊഴിലുകൾക്ക് മികച്ച പ്രാവീണ്യം ആവശ്യമില്ലാത്തതും പരിശീലന കോഴ്സുകൾ എളുപ്പം ലഭ്യമാക്കാൻ കഴയുമെന്നതും അനുകൂല ഘടകമാണെന്നും മന്ത്രി കൂട്ടിചേർത്തു. ഇതിനിടെ ഹ്യൂമണൽ റിസോഴ്സ് ഡവലപ്പ്മെന്റ് ഫണ്ട് അഥവ ഹദഫ് അഞ്ച് കമ്പനികളുമായി ചേർന്ന് അരലക്ഷം സ്വദേശികൾക്ക് പരിശീലനം സംഘടിപ്പിക്കുന്നതിന് ധാരണയിലെത്തി.