ജിദ്ദ: സൗദിയിൽ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ ഇതുവരെ 350 ലധികം അന്താരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചതായി നിക്ഷേപ മന്ത്രി വ്യക്തമാക്കി. വൈകാതെ കൂടുതൽ ബഹുരാഷ്ട്ര കമ്പനികൾ സൗദിയിൽ ആസ്ഥാനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. റിയാദിൽ നടന്ന ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം ജനുവരി മുതൽ സൗദി അറേബ്യയില്‍ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമത്തിന് കഴിഞ്ഞ ഡിസംബറിൽ സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനെ തുടർന്ന് നിരവധി കമ്പനികളാണ് സൗദിയിൽ ആസ്ഥാനം സ്ഥാപിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ 350 ലധികം അന്താരാഷ്ട്ര നിക്ഷേപകർക്ക് ലൈസൻസുകൾ അനുവദിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. അവരിൽ ഭൂരിഭാഗവും റിയാദിലായിരിക്കും ആസ്ഥാനം സ്ഥാപിക്കുക. എന്നാൽ സമീപ ഭാവിയിൽ തന്നെ കൂടുതൽ നിക്ഷേപകർ തങ്ങളുടെ പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.