ജിദ്ദ : സൗദി സെന്‍ട്രല്‍ ബാങ്ക് വായ്പാ നിരക്കുകള്‍ അര ശതമാനം (50 ബേസിസ് പോയിന്റ്) കുറച്ചു. സാമ്പത്തിക സുസ്ഥിരത കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തിന് അനുസൃതമായി റിപോ നിരക്ക് 50 ബേസിസ് പോയിന്റ് നിരക്കില്‍ കുറച്ച് 5.5 ശതമാനമാക്കാനും റിവേഴ്‌സ് റിപോ നിരക്ക് 50 ബേസിസ് പോയിന്റ് നിരക്കില്‍ കുറച്ച് 5 ശതമാനമാക്കാനും സൗദി സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചതായി സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചതിനു പിന്നാലെയാണ് സൗദി സെന്‍ട്രല്‍ ബാങ്കും വായ്പാ നിരക്കുകള്‍ കുറച്ചത്. സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിരവിനിമയ നിരക്കില്‍ ബന്ധിപ്പിച്ചതിനാല്‍ വായ്പാ നിരക്ക് നയത്തില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെ പിന്തുടരുന്നതാണ് സൗദി സെന്‍ട്രല്‍ ബാങ്കിന്റെ രീതി.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ശ്രമിച്ച് നാലു വര്‍ഷത്തിനിടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലതവണ പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. ബുധനാഴ്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് 50 ബേസിസ് പോയിന്റ് നിരക്കില്‍ പലിശ നിരക്കുകള്‍ കുറച്ചു. 2020 മാര്‍ച്ചിനു ശേഷം ആദ്യമായാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുന്നത്.
ഈ വര്‍ഷാവസാനത്തോടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ അര ബേസിസ് പോയിന്റ് തോതിലും അടുത്ത കൊല്ലം ഒരു ബേസിസ് പോയിന്റ് തോതിലും 2026ല്‍ അര ബേസിസ് പോയിന്റ് തോതിലും കുറക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.