സൗദി അറേബ്യ: 2025 സെപ്റ്റംബർ 23 ന് സൗദി അറേബ്യയിൽ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പൊതു അവധിയായി പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനമായി ആഘോഷിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഈ വർഷം വിപുലമായ ആഘോഷങ്ങളോടെയാണ് രാജ്യം ദേശീയ ദിനം ആചരിക്കുന്നത്.
ദേശീയ ദിനം ആഘോഷത്തിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ മേഖലകൾക്കും പൊതു അവധി ബാധകമാണെന്നും അറിയിച്ചു. 1932 ൽ അബ്ദുൽ അസീസ് അൽ സൗദ് രാജാവിൻ്റെ നേതൃത്വത്തിൽ സൗദി അറേബ്യയെ ഏകീകരിച്ചതിൻ്റെ ഓർമ്മ പുതുക്കുന്ന ദിവസമാണ് ദേശീയ ദിനമായി ആഘോഷിക്കുന്നത്.
കൂടാതെ സൗദിയിൽ സാംസ്കാരിക പരിപാടികൾ, സംഗീതകച്ചേരികൾ, വെടിക്കെട്ട്, ദേശസ്നേഹ പ്രദർശനങ്ങൾ തുടങ്ങിയ വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർ, സ്കൂളുകൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.



