ഷാർജയിൽ 85 ശതമാനം പൊതുസ്ഥലങ്ങളും ഇപ്പോൾ കാമറാ നിരീക്ഷണത്തിലാണെന്ന് ഷാർജ പൊലീസ് . മുൻ വർഷത്തെ അപേക്ഷിച്ച് ഷാർജയിൽ കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും കുറഞ്ഞു. 95 ശതമാനം ഷാർജ നിവാസികൾക്കും തങ്ങൾ സുരക്ഷിതരാണെന്ന ആത്മവിശ്വാസമുണ്ടെന്ന് പൊലീസ് മേധാവി മേജർ ജനറൽ സൈഫ് സഅരി അൽ ശംസി പറഞ്ഞു.
പൊലീസ് ആസ്ഥാനത്ത് ഒരുക്കിയ മീഡിയ ഫോറത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ കഴിഞ്ഞവർഷം ഏഴ് ശതമാനം കുറവുണ്ടായി. എന്നാൽ, ഇലക്ട്രോണിക്, ഡിജിറ്റൽ കുറ്റകൃത്യങ്ങൾ സുരക്ഷക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പുതിയ ഡിജിറ്റൽ കുറ്റകൃത്യങ്ങളെ നേരിടാനും, പുത്തൻ ക്രിമിനൽ പ്രവണതകളെ തിരിച്ചറിയാനും ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഷാർജയുടെ സുരക്ഷക്ക് പ്രവാസികൾ ഉൾപ്പെടെയുള്ളവർ നൽകുന്ന പിന്തുണയെ പൊലീസ് മേധാവി പ്രകീർത്തിച്ചു.
ഷാർജ പൊലീസിന്റെ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് സഹകരിച്ച മാധ്യമങ്ങളെ മീഡിയഫോറത്തിൽ ആദരിച്ചു. പോയവർഷം ഷാർജയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ 22 ശതമാനം കുറവുണ്ടായി. അടിയന്തരഘട്ടങ്ങളിൽ സംഭവ സ്ഥലത്തേക്ക് നാല് മിനിറ്റ് 58 സെക്കൻഡിനുള്ളിൽ പാഞ്ഞെത്താൻ കഴിയുന്നവിധം പൊലീസിന്റെ കാര്യക്ഷമത വർധിപ്പിപ്പിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. മയക്കുമരുന്ന കേസുകളിലും ഏഴ് ശതമാനം കുറവുണ്ടായി.
ഏഴ് മാസത്തിനകം 27,000 നിരീക്ഷണ കാമറകൾ പൊതുസ്ഥലത്ത് സ്ഥാപിച്ചു. 65,799 കാമറകാണ് ഇപ്പോൾ ഷാർജയുടെ വിവിധ മേഖലകളിൽ നിരീക്ഷണം നടത്തുന്നത്. 577 ഇലക്ട്രോണിക്, സൈബർ കുറ്റകൃത്യങ്ങളാണ് ഷാർജയിൽ കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തത്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ നേരിടാൻ ശക്തമായ നടപടികൾ പൊലീസ് ആസുത്രണം ചെയ്യുന്നുണ്ട്. പ്രായമേറിയവരാണ് കൂടുതലും സൈബർ, ഡിജിറ്റൽ തട്ടിപ്പുകളുടെ ഇരയാവുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.