ദുബായ്: യുഎഇയിൽ ‘റീ എൻട്രി’ക്ക് അവസരം. 6 മാസം നാട്ടിൽ നിന്ന റെസിഡന്റ് വിസക്കാർക്ക് അപേക്ഷിക്കാം. നാട്ടിൽ നിൽക്കാനുണ്ടായ കാരണം കാണിക്കണം. ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് നിന്നവർക്ക് തിരിച്ചുവരാനാണ് അവസരമൊരുങ്ങുന്നത്. വിസ റദ്ദായ റെസിഡന്റ് വിസക്കാർക്ക് ICP വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകുമ്പോൾ രാജ്യത്തിന് പുറത്തുനിൽക്കാനുണ്ടായ കാരണവും കാണിക്കണം.
യു എ ഇ റെസിഡന്റ് വിസക്കാർ തുടർച്ചയായി ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുനിന്നാൽ അവരുടെ വിസ റദ്ദാക്കപ്പെടും എന്നാണ് നിയമം. പ്രത്യേക സാഹചര്യങ്ങളിൽ 180 ദിവസത്തിൽ കൂടുതൽ യു എ ഇക്ക് പുറത്തുനിൽക്കേണ്ടി വന്ന റെസിഡന്റ് വിസക്കാർക്ക് മടങ്ങിവരാനാണ് ഇപ്പോൾ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഫെഡറൽ അതോറിറ്റിയുടെ ICP.GOV.AE എന്ന വെബ്‌സൈറ്റിലെ സ്മാർട്ട് സർവീസ് സംവിധാനം വഴി നാട്ടിൽ നിന്ന് തന്നെ ഇതിന് അപേക്ഷ നൽകാം.
അപേക്ഷിക്കുമ്പോൾ ആറ് മാസത്തിൽ കൂടുതൽ യു എ ഇക്ക് പുറത്തുതാമസിക്കാനുണ്ടായ കാരണം വ്യക്തമാക്കണം. പുറത്തുനിന്ന് ഓരോ 30 ദിവസത്തിനും 100 ദിർഹം പിഴ നൽകേണ്ടി വരും. അനുമതിക്ക് 150 ദിർഹം സർവീസ് ഫീസും നൽകണം. അനുമതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ യു എ ഇയിൽ തിരിച്ചെത്തണമെന്നും നിയമം വ്യക്തമാക്കുന്നു. ICP വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവക്ക് പുറമെ ഐ സി എയുടെ സേവനകേന്ദ്രങ്ങൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ വഴിയും ഇതിനായി അപേക്ഷ നൽകാം. ഗോൾഡൻ വിസക്കാർക്ക് ആറ് മാസത്തിൽ കൂടുതൽ യു എ ഇക്ക് പുറത്തുതാമസിക്കാൻ അനുമതിയുണ്ട്.