ദുബൈ: യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനതക്ക് ദാഹമകറ്റാൻ ശുദ്ധജല പ്ലാൻറുകൾ സ്ഥാപിച്ച് യു.എ.ഇ. കടൽവെള്ളം ശുദ്ധീകരിക്കുന്ന മൂന്ന് പ്ലാൻറുകളാണ് റഫ അതിർത്തിയുടെ ഈജിപ്ത് ഭാഗത്ത് നിർമിച്ചിട്ടുള്ളത്. സംവിധാനങ്ങളുടെ ഉദ്ഘാടനം യു.എ.ഇ രാഷ്ട്രീയകാര്യ അസി. മന്ത്രിയും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ ലന നുസൈബ നിർവഹിച്ചു.
യു.എൻ രക്ഷാസമിതിയിലെ നിരവധി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പദ്ധതി ഗസ്സൻ ജനതക്ക് സമർപ്പിച്ചത്. യു.എ.ഇയുടെയും ഈജിപ്തിന്‍റെയും സഹകരണത്തിലാണ് യു.എൻ പ്രതിനിധികൾ റഫ അതിർത്തിയിലെത്തിയത്. ദുരിതത്തിലായ ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി യു.എ.ഇ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ്ശുദ്ധീകരണ പ്ലാന്‍റുകൾ നിർമിച്ചത്. കുടിവെള്ളത്തിന്‍റെ കുറവ് പ്രദേശം നിലവിൽ അനുഭവിക്കുന്നുണ്ട്.