ദുബൈ: യു.എ.ഇയിൽ സ്വഭാവിക മരണം സംഭവിക്കുന്ന പ്രവാസി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷൂറൻസ് പദ്ധതിയിൽ ഈവർഷം ദുബൈ നാഷണൽ ഇൻഷൂറൻസും നെക്‌സസ് ഇൻഷൂറൻസ് ബ്രോക്കേഴ്‌സും കൈകോർക്കും. കോൺസുലേറ്റ് അധികൃതർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഈ ഇൻഷൂറൻസ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താം. 69 വയസുവരെ പ്രായമുള്ളവർക്ക് ഇതിൽ അംഗങ്ങളാകാം. വർഷം 32 ദിർഹമാണ് പ്രീമിയം. മരണമോ സ്ഥിരം ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടമോ സംഭവിച്ചാൽ 35,000 ദിർഹം വരെ ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷൂറൻസ് കമ്പനി നൽകും.
സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നിലവിൽ ഇൻഷൂറൻസ് സംവിധാനമില്ലാത്ത പശ്ചാത്തലത്തിൽ കഴിഞ്ഞവർഷമാണ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. കഴിഞ്ഞവർഷം മറ്റൊരു ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ച് ആരംഭിച്ച പദ്ധതിയും നിലവിലുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.