ഉറക്കക്കുറവ് അഥവാ ഉറക്കത്തിന്റെ നിലവാരമില്ലായ്മ കാൻസർ ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കാൻ കാരണമായേക്കാം എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഉറക്കത്തെ നിയന്ത്രിക്കുന്ന പ്രധാന ഹോർമോണാണ് മെലാടോണിൻ. ഇത് രാത്രിയിൽ മാത്രമാണ് ശരീരം ഉത്പാദിപ്പിക്കുന്നത്. മെലാടോണിന് ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുകയും, ട്യൂമർ വളർച്ച തടയാൻ സഹായിക്കുകയും ചെയ്യുന്നു.
രാത്രിയിൽ ഇടക്കിടെ എഴുന്നേൽക്കുകയോ, മൊബൈൽ ഫോൺ പോലുള്ള പ്രകാശമുള്ള ഉപകരണങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് മെലാടോണിൻ ഉത്പാദനം കുറക്കുന്നു. ഇത് കാൻസറിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറക്കുന്നു. സ്ഥിരമായ ഉറക്കക്കുറവ് ശരീരത്തിൽ വിട്ടുമാറാത്ത വീക്കം വർധിപ്പിക്കും. ഈ വിട്ടുമാറാത്ത വീക്കം കാൻസർ കോശങ്ങളുടെ വളർച്ചക്ക് കാരണമാകുന്നു. മതിയായ ഉറക്കം ലഭിക്കുമ്പോൾ മാത്രമാണ് ശരീരത്തിലെ പ്രതിരോധ കോശങ്ങൾ ശരിയായി പ്രവർത്തിക്കുന്നത്. ഉറക്കമില്ലായ്മ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും, അസാധാരണമായ കോശങ്ങളെ കണ്ടെത്താനും നശിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവ് കുറക്കുകയും ചെയ്യും. ഉറക്കമില്ലായ്മ കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകളുടെ നില വർധിപ്പിക്കുകയും, ഇത് കാൻസർ സാധ്യതയിലേക്ക് നയിക്കുകയും ചെയ്യാം.



