ബംഗളൂരു: സംസ്ഥാനത്ത് ജോലിക്കാരായ വനിതകൾക്ക് മാസത്തിൽ ഒരു ആർത്തവാവധി നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. സ്ഥിരം, കരാർ, ഔട്ട്സോഴ്സ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന 18 മുതൽ 52 വയസ്സ് വരെയുള്ള എല്ലാ ജോലിക്കാരായ സ്ത്രീകൾക്കും പ്രതിമാസം ഒരുദിവസത്തെ ആർത്തവാവധി ലഭിക്കും.
ആർത്തവാവധി അതതു മാസങ്ങളിൽ തന്നെയെടുക്കണം. ഒന്നിച്ച് എടുക്കാനാവില്ല. മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതില്ല. 1948ലെ ഫാക്ടറി നിയമം, 1961ലെ കർണാടക കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമം, 1951ലെ പ്ലാന്റേഷൻ തൊഴിലാളി നിയമം, 1966ലെ ബീഡി സിഗരറ്റ് തൊഴിലാളി (തൊഴിൽ വ്യവസ്ഥ) നിയമം, 1961 ലെ മോട്ടോർ വാഹന തൊഴിലാളി നിയമം എന്നിവക്കു കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ 18 മുതൽ 52 വയസ്സ് വരെയുള്ള എല്ലാ വനിതാ ജീവനക്കാർക്കും വർഷത്തിൽ 12 ശമ്പളത്തോടുകൂടിയ അവധി നൽകാൻ തൊഴിലുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.



