കൊച്ചി: സത്യവിശ്വാസം പ്രവർത്തികളിലൂടെ, അതായത് മറ്റുള്ളവരോടുള്ള ദയയിലും കരുണയിലും സഹനത്തിലുമാണ് നിവർത്തിക്കേണ്ടത് എന്ന പാഠം യേശുവിന്റെ മണവാട്ടികളായ കന്യാസ്ത്രീ അമ്മമാർ മറക്കാൻ പാടില്ലാത്തതാണെന്ന് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താരാ ടോജോ അലക്സ്. എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു താര.
ഒരു കന്യാസ്ത്രീയായ അധ്യാപിക തന്റെ ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ എത്തുമ്പോൾ അത് ആരെയും അസ്വസ്ഥരാക്കാതിരിക്കുകയും ഒരു മുസ്ലിം വിദ്യാർഥിനി തന്റെ വിശ്വാസവും, ഇന്ത്യൻ ഭരണഘടന അവൾക്ക് നൽകുന്ന അവകാശപ്രകാരം ഹിജാബ് ധരിച്ച് വന്നാൽ അത് നിയമലംഘനവും ആകുമ്പോൾ അത് സ്കൂൾ മാനേജ്മെൻറിന്റെ ഇരട്ടത്താപ്പിനും മതപക്ഷപാതത്തിനും നേരെ തന്നെയാണ് വിരൽ ചൂണ്ടുന്നതെന്ന് താര ഫേസ്ബുക്കിൽ കുറിച്ചു.
ഒരു സ്കൂളിൽ നടന്ന സംഭവവമായി ഇത് നിസ്സാരവൽക്കരിക്കാൻ പാടില്ല. ഇത് നമ്മുടെ കാലഘട്ടത്തിന്റെ പ്രതിഫലനമാണ്. ജാതിയും മതവും വെറുപ്പും വേർതിരിവും വിദ്യാലയം എന്ന പരിപാവനമായ മേഖലയിലും കാൽവെക്കുന്ന അപായ സൂചനയാണത്. ഇതിനെതിരെ ഇന്ന് സമൂഹം മിണ്ടാതിരുന്നാൽ, ഇന്ന് ഹിജാബ് വിലക്കപ്പെടും, നാളെ പേരും വിശ്വാസവും വിലക്കപ്പെടും. അതുകൊണ്ടാണ് ഈ സംഭവത്തെ രാഷ്ട്രീയ നിലപാടായിത്തന്നെ ചെറുക്കേണ്ടതാണെന്ന് താരാ ടോജോ അലക്സ് കൂട്ടിച്ചേർത്തു.



