Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇടതുപക്ഷം കടുത്ത പ്രത്യയ ശാസ്ത്ര പ്രതിസന്ധി നേരിടുന്നു: ബാലചന്ദ്രൻ വടക്കേടത്ത്

ഇടതുപക്ഷം കടുത്ത പ്രത്യയ ശാസ്ത്ര പ്രതിസന്ധി നേരിടുന്നു: ബാലചന്ദ്രൻ വടക്കേടത്ത്

തൃപ്രയാർ: കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം ചരിത്രത്തിലെ ഏറ്റവും മോശമായ പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുകയാണെന്ന് നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. ആശയപരമായ വീഴ്ച സംഭവിക്കുമ്പോഴാണ് ബിംബവൽക്കരണം ഉണ്ടാകുന്നത്. ആദർശാത്മകമായ സാമൂഹ്യ വ്യവസ്ഥയെ പരിപൂർണ്ണമായി നിരാകരിക്കലാണ് ബിംബവത്കരണമെന്നും വടക്കേടത്ത് പറഞ്ഞു. ശ്രേഷ്ഠ സാഹിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരന് സമൂഹത്തെ നേർവഴിക്ക് നയിക്കാനുള്ള ധാർമികമായ ഉത്തരവാദിത്തമുണ്ട്,എന്നാൽ അംഗീകാരങ്ങളും ആദരവുകളും നൽകി അവരെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്ക് എഴുത്തുകാരെ സാമൂഹികമായും സാംസ്കാരികമായും ശുദ്ധീകരിക്കാനും കഴിയണമെന്ന് വടക്കേടത്ത് കുട്ടിച്ചേർത്തു.

മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ആദര സമ്മേളനം ഉദ്ഘാടനം ചെയ്തു. യജമാനന്മാരുടെ ഇഷ്ടാനിഷ്ടത്തിനല്ലാതെ പ്രവർത്തിക്കുകയോ സംസാരിക്കുകയോ ചെയ്യാതിരുന്ന സാംസ്കാരിക നായകർക്കും സാഹിത്യകാരന്മാർക്കും ഇപ്പോൾ നാവ് അനങ്ങി തുടങ്ങിയതായി തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. അക്കാദമികളിലും അനുബന്ധ സ്ഥാപനങ്ങളിലും ഇരുന്ന് പരസ്പരം ഡി ആൻഡ് ടി എ വാങ്ങാനുള്ള സഹയാത്ര പരിപാടികൾ മാത്രമായി കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ചുരുങ്ങിയപ്പോൾ അവിടെയെല്ലാം അനീതിക്കെതിരെ ശബ്ദമുയർത്തിയ ധീരനായ സാംസ്കാരിക നായകനാണ് ബാലചന്ദ്രൻ വടക്കേത്തെന്നും തേറമ്പിൽ അഭിപ്രായപ്പെട്ടു.

ശ്രേഷ്ഠ സാഹിതി തൃശ്ശൂർ ജില്ലാ ചെയർമാൻ എൻ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ടി.വി.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. ശ്രേഷ്ഠ സാഹിതി സംസ്ഥാന ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, എ. സേതുമാധവൻ, കെ.ജി ബാബുരാജ്, ചന്ദ്രപ്രകാശ് എടമന, വിനോദ് കണ്ടെംകാവിൽ, കെ.എൻ. നാരായണൻ, എം.എസ്. അമൽ ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com