മനോജ് ചന്ദനപ്പള്ളി
പത്തനംതിട്ട: വിദ്യാർത്ഥികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂളിൽ “പ്രാരംഭ്” പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഇതോടനുബന്ധിച്ച് പദ്ധതിക്കായി രൂപീകരിച്ച വിവിധ ക്ലബുകളുടെ ഉദ്ഘാടനം കലാമണ്ഡലം കൽപിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പി എൻ സുരേഷ് 20നു രാവിലെ 10നു നിർവഹിക്കും. ചടങ്ങിൽ മുൻ അദ്ധ്യാപകനും മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപനുമായിരുന്ന കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്തക്കുള്ള “ശ്രേഷ്ഠാദരവ്” ചടങ്ങിനും കാതോലിക്കേറ്റ് നവതി സ്മാരക സ്‌കൂൾ ആഡിറ്റോറിയം വേദിയാകും.
ഹരിത സുവിശേഷത്തിന്റെ പ്രവാചകനായി അറിയപ്പെടുന്ന മാർ ക്ലിമ്മീസ് 14 വർഷം തുമ്പമൺ ഭദ്രാസനത്തെ നയിച്ചു. പത്തനംതിട്ടയുടെ പൊതുജീവിതത്തെ ഏറെ സ്വാധീനിക്കുകയും ഏവരെയും സമഭാവനയോടെ കാണുകയും ചെയ്ത തിരുമേനി ഏവരുടെയും ഹൃദയത്തിൽ ഇടം പിടിച്ചു. അജപാലനത്തിന്റെ ഇടയശബ്ദമായി മലങ്കരയിൽ നിറഞ്ഞു പരിലസിക്കുന്ന ആ സൗമ്യ തേജസ്സിന്റെ ബഹുമാനർത്ഥo ആ മഹിത ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ വീഡിയോ ഫിലിം ഇതോടനുബന്ധിച്ചു പ്രദർശിപ്പിക്കും.
കാതോലിക്കേറ്റ് & എം ഡി സ്‌കൂൾ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത എം ജി ഓ സി എസ് എം ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും നടത്തും.
മാർ ക്ലിമ്മീസ് തിരുമേനിയോടുള്ള ആദരവായി ഹരിത ക്യാംപസ് പദ്ധതിയും ഔഷധ തോട്ടം നാമകരണവും നടത്തും. മുത്തൂറ്റ് ഗ്രൂപ്പിന്റെ കൂടി സഹായത്തോടെ 4 ലക്ഷം രൂപ ചിലവിൽ മഴവെള്ള സംഭരണിയും തുമ്പുർ മുഴി, കമ്പോസ്റ്റ്, ഇൻസിനറേറ്റർ, വെന്റിങ് മെഷീൻ, ബയോഗ്യാസ് പ്ലാന്റ്, എം സി എഫ് എന്നിവയും “ഹരിത മോഹനം പദ്ധതി” എന്ന പേരിൽ തുടക്കം കുറിക്കും.
ശുദ്ധജല പദ്ധതിക്കായി മാനേജ്‌മെന്റ് സഹായത്തോടെ 2 ലക്ഷം കണ്ടെത്തി രൂപീകരിച്ച “തണ്ണീർ പന്തൽ പദ്ധതി” മലങ്കര സഭാ വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ ചടങ്ങിൽ സമർപ്പണം ചെയ്ത് ഉദ്ഘാടനം നിർവഹിക്കും.
ജേക്കബ് ജോർജ്ജ് (പ്രിൻസിപ്പൽ), വി. കെ. അശോക് കുമാർ (ആർ ഡി ഡി ചെങ്ങന്നൂർ), ബി. ആർ. അനില (ഡി ഇ ഒ പത്തനംതിട്ട), അഡ്വ. അബ്ദുൾ മനാഫ് (പിടിഎ പ്രസിഡന്റ്), ഫാ. ബിജു മാത്യുസ് (സ്‌കൂൾ കോ ഓർഡിനേറ്റർ), ഫാ. ബിജു തോമസ് ( മുൻ പി റ്റി എ പ്രസിഡന്റ്), അഡ്വ. മാത്യുസ് മഠത്തേത്ത് (സ്‌കൂൾ ഗവർണിംഗ് ബോർഡ് അംഗം), ബാബു പാറയിൽ (സ്‌കൂൾ ഡവലപ്പ്മന്റ് അംഗം), ബാബു ജോൺ മലയിൽ (സി എസ് ആർ ഹെഡ് മുത്തുറ്റ് ഫിനാൻസ്), മോനി വർഗീസ് (പി റ്റി എ വൈസ് പ്രസിഡന്റ്), അജി ജോർജ്ജ് (സ്റ്റാഫ് പ്രതിനിധി), ബിനോദ് മാത്യു (പ്രോഗ്രാം കൺവീനർ), എന്നിവർ പ്രസംഗിക്കും.
പരിപാടിക്കുള്ള ഒരുക്കങ്ങൾ പുർത്തിയായതായി പ്രിൻസിപ്പൽ ജേക്കബ് ജോർജ്ജ്, ഹെഡ്മിസ്ട്രസ് ഗ്രേസൻ മാത്യു, പി.ടി.എ പ്രസിഡന്റ് അഡ്വ. അബ്ദുൾ മനാഫ്, സ്റ്റാഫ് സെക്രട്ടറിമാരായ ഷൈനി ജോൺസൺ, സൂസൻ ഫിലിപ്പോസ് തരകൻ, പ്രോഗ്രാം കൺവീനർ ബിനോദ് മാത്യു എന്നിവർ അറിയിച്ചു.