കൊല്ലം: ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശി പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ (31) ഭൗതികശരീരം നാട്ടിലെത്തിച്ചു. ഇന്നലെ വൈകിട്ട് 06.35 ന് എയര്‍ഇന്ത്യാ (AI801) വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ച ഭൗതികശരീരത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ബംഗലൂരുവിലെ ഇസ്രായേല്‍ കോൺസൽ ജനറൽ ടാമി ബെൻ- ഹൈം (Ms. Tammy Ben- Haim), വൈസ് കോൺസൽ ആൻഡ് സെക്യൂരിറ്റി ഓഫീസർ Mr. റോട്ടം വരുൽക്കർ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. നിബിൻ മാക്സ്‍വെല്ലിന്റെ ബന്ധുക്കള്‍ ഭൗതികശരീരം ഏറ്റുവാങ്ങി സ്വദേശമായ കൊല്ലത്തേയ്ക്ക് കൊണ്ടുപോയി.
വടക്കൻ ഇസ്രായേലിലെ കാര്‍ഷിക ഫാമിലായിരുന്നു നിബിന്റെ ജോലി. തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നിബിൻ മാക്സ്‍വെല്ല് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചയോടെയാണ് ടെല്‍അവീവില്‍ നിന്നും ഭൗതികശരീരം ഡല്‍ഹിയിലെത്തിച്ചത്. കൊല്ലം ജില്ലയിലെ വാടി സ്വദേശിയാണ്.