മിനിയപ്പലിസ്: അഞ്ച് വയസ്സുകാരനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാർ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇത്തരത്തിൽ വാർത്ത വന്നതിൽ ആശങ്കയുണ്ട്. താനും അഞ്ച് വയസ്സുള്ള ഒരു കുട്ടിയുടെ പിതാവാണ്.ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഇക്വഡോറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനെ പിടികൂടിയിട്ടുണ്ട്. ഇയാളെ പിടികൂടിയതോടെ കുട്ടി തനിച്ചായി. അതിനാലാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. അല്ലാതെ കുട്ടിയെ മഞ്ഞിൽ തണുത്ത് മരവിച്ച് മരിക്കാൻ വിട്ടുകൊടുക്കണമായിരുന്നോ?. അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യേണ്ടതല്ലേ?. കുട്ടികളുള്ള അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് പറയുന്നത് അസംബന്ധമാണെന്ന് വാൻസ് കൂട്ടിച്ചേർത്തു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാർ അഞ്ചു വയസ്സുകാരനെ കസ്റ്റഡിയിലെടുത്ത ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതോടെ രൂക്ഷമായ വിമർശനമാണ് ഏജന്റുമാർ നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റ് നേരിട്ട് വിശദീകരണവുമായി മാധ്യമങ്ങളുടെ മുന്നിലെത്തിയത്.
ഈ മാസം ഏഴിന് കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടെ റെനി ഗുഡിനെ ഏജന്റുമാർ വെടിവെച്ചു കൊന്നിരുന്നു. സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് റെനിയെ കൊന്നതെന്നാണ് ഉദ്യോഗസ്ഥരും സർക്കാരും ആവർത്തിക്കുന്നതെങ്കിലും ഇതും വലിയ പ്രതിഷേധത്തിന് കാരണമായി. ഇതിന് പിന്നാലെയാണ് കുട്ടിയെ പിടികൂടിയത് വിവാദമായിരിക്കുന്നു.
കുട്ടിയുടെ പിതാവ് അഡ്രിയാൻ അലക്സാണ്ടർ കൊനെജോ ഏരിയാസ് ഇക്വഡോറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറിയിച്ചു. ഏജന്റുമാർ അഡ്രിയാൻ അലക്സാണ്ടർ കൊനെജോ ഏരിയാസിനെ സമീപിക്കുമ്പോൾ അയാൾ കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഐസിഇ ഉദ്യോഗസ്ഥരിൽ ഒരാൾ കുട്ടിയോടൊപ്പം തുടർന്നു, മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് അഡ്രിയാനെ പിടികൂടിയെന്നാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ‘എന്തിനാണ് 5 വയസ്സുള്ള കുട്ടിയെ തടങ്കലിൽ വയ്ക്കുന്നത്? ഈ കുട്ടിയെ അക്രമാസക്തനായ കുറ്റവാളിയായി മുദ്രകുത്തുമോയെന്ന്’– കുട്ടിയുടെ സ്കൂൾ സൂപ്രണ്ട് സെന സ്റ്റെൻവിക് ചോദിച്ചു. വീട്ടിൽ താമസിക്കുന്ന മറ്റൊരു മുതിർന്ന വ്യക്തി പുറത്തുണ്ടായിരുന്നു, കുട്ടിയെ പരിപാലിക്കാൻ അനുവദിക്കണമെന്ന് ഏജന്റുമാരോട് അഭ്യർഥിച്ചെങ്കിലും അത് നിരസിച്ചതായി സെന സ്റ്റെൻവിക് ആരോപിച്ചു.



