വാഷിങ്ടൺ: . വെനസ്വേലയിൽ ശരിയായ അധികാരകൈമാറ്റം യാഥാർഥ്യമാകുന്നത് വരെ രാജ്യം യു.എസ് ഭരിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലൻ അധിനിവേശത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികളസ് മദുറോയുടെ ഏറ്റവും പുതിയ ചിത്രവും ട്രംപ് പുറത്ത് വിട്ടിട്ടുണ്ട്.
യു.എസ് യുദ്ധകപ്പലിൽ നിന്നുള്ള ചിത്രമാണ് പുറത്തുവിട്ടത്. ട്രൂത്ത്സോഷ്യൽ പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. മദുറോയേയും ഭാര്യയേയും യു.എസിലേക്ക് എത്തിക്കും. മദുറോ രണ്ട് കേസുകളിൽ വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ വെനസ്വേലയെ ഇനിയും ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു രാജ്യത്തിനും സ്വന്തമാക്കാനാവാത്ത നേട്ടമാണ് യു.എസ് സൈന്യം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ചെറിയ സമയത്തിനുള്ളിൽ വെനസ്വേലൻ സൈന്യത്തെ യു.എസ് നിരായുധരാക്കി. വെനസ്വേലൻ ആക്രമണത്തിൽ യു.എസിന് ആയുധങ്ങൾ നഷ്ടമാവുകയോ സൈനികരെ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
മാസങ്ങളായി തുടരുന്ന സമ്മർദങ്ങൾക്കും ഭീഷണികൾക്കുമൊടുവിൽ വെനിസ്വേലയിൽ യു.എസ് സേന ഇന്ന് കടന്നു കയറുകയായിരുന്നു. തലസ്ഥാനമായ കറാക്കസിൽ ആക്രമണം നടത്തിയ യു.എസ്, വെനിസ്വേല പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ബന്ദിയാക്കി കൊണ്ടുപോയി. ഇരുവരെയും കാണാനില്ലെന്നും ജീവനോടെയുണ്ടെന്ന് തെളിയിക്കണമെന്നും വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗ്വസ് പറഞ്ഞു. സാമ്രാജ്യത്വത്തിന്റെ ആക്രമണമാണിതെന്ന് വിശേഷിപ്പിച്ച വെനിസ്വേല സർക്കാർ, ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. തുടക്കത്തിൽ വ്യോമാക്രമണം നടത്തിയ യു.എസ് സേന, പിന്നീട് പകൽ വെളിച്ചത്തിൽ കരയാക്രമണം നടത്തി.



