അബുദാബി: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ യുഎഇ പ്രതിരോധ സേന തടയുന്നതിനിടെ, തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്ന്(വ്യാഴം) രാവിലെ അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിലാണ് അപകടമുണ്ടായതെന്ന് അബുദാബി മീഡിയ ഓഫിസ് സ്ഥിരീകരിച്ചു.
മിസൈൽ പ്രതിരോധ സംവിധാനം വിജയകരമായി മിസൈലിനെ ആകാശത്തുവെച്ച് തകർത്തെങ്കിലും, ഇതിന്റെ ചിതറിത്തെറിച്ച ഭാഗങ്ങൾ ജനവാസ മേഖലയിൽ വീഴുകയായിരുന്നു. മരിച്ചവരുടെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഏതാനും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.



