വാഷിംഗ്ടണ്‍: അമേരിക്കയില്‍ ‘ഫേണ്‍’ ശീതക്കാറ്റും മഞ്ഞുവീഴ്ചയും ആഞ്ഞടിക്കുന്നു ഏകദേശം 23 കോടി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ പ്രകൃതിക്ഷോഭത്തില്‍ ഇതിനോടകം തന്നെ 17ഓളം സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കിലോമീറ്ററുകളോളം നീളുന്ന മഞ്ഞുപാളികളും ജീവന് ഭീഷണിയായേക്കാവുന്ന അതിശൈത്യവുമാണ് രാജ്യം നേരിടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. തെക്കന്‍ സംസ്ഥാനങ്ങളായ ടെക്‌സസ്, ലൂസിയാന തുടങ്ങിയ ഇടങ്ങളില്‍ കനത്ത ഐസ് മഴ വൈദ്യുതി വിതരണത്തെ താറുമാറാക്കി.
ടെക്‌സസില്‍ മാത്രം ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് രാജ്യത്തുടനീളം 6,000ത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. റോഡ് ഗതാഗതം ദുസ്സഹമായതോടെ പല പ്രധാന ഹൈവേകളും അടച്ചുപൂട്ടിയിരിക്കുകയാണ്. വെര്‍ജീനിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
വടക്കുകിഴക്കന്‍ മേഖലകളില്‍ മഞ്ഞുവീഴ്ച റെക്കോര്‍ഡ് നിലയിലേക്ക് ഉയരുകയാണ്. വാഷിങ്ടന്‍ ഡി.സി, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ ഒരു അടിയിലധികം മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. മിനിയപ്പലിസ്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളില്‍ തണുപ്പ് -21 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തി.



