വാഷിങ്ടൺ: ഇറാന് നേരെയുള്ള ഇസ്രായേൽ -യു.എസ് ആക്രമണം പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതോടെ സമാധാന ചർച്ചക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ പുതിയ നേതൃത്വം തന്റെ ഭരണകൂടവുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിന് താനും ഒരുക്കമാണെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്.
“അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാൻ സമ്മതിച്ചു. അതിനാൽ ഞാൻ അവരുമായി സംസാരിക്കും” -ട്രംപ് പറഞ്ഞതായി ദി അറ്റ്ലാന്റിക് മാഗസിൻ റിപ്പോർട്ട് ചെയ്തു. “അവർ അത് നേരത്തെ ചെയ്യണമായിരുന്നു. വളരെ പ്രായോഗികവും ചെയ്യാൻ എളുപ്പവുമായത് നേരത്തെ ചെയ്യാമായിരുന്നു. ഏറെ നേരം കാത്തിരുന്നു” ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ചർച്ച എപ്പോൾ നടക്കുമെന്ന് വ്യക്തമല്ല.
പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈയുടെ കൊലപാതകികൾക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ആക്രമണം ഏതുനിമിഷവും ആരംഭിക്കുമെന്നും ഇറാൻ റവലൂഷനറി ഗാർഡ്സ് സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. അമേരിക്കയും ഇസ്രായേലും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് അവരെ ആക്രമിക്കുമെന്നും ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് മുൻ സൈനിക ഉദ്യോഗസ്ഥനും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനി നേരത്തെ മുന്നറിയിപ്പ് നൽകി. ‘ഇന്നലെ അമേരിക്കയിലും ഇസ്രായേലിലും ഇറാന്റെ മിസൈലുകൾ വർഷിച്ചു, അവർക്ക് നാശനഷ്ടം നേരിട്ടു. അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് ഇന്ന് നമ്മൾ അവരെ ആക്രമിക്കും’ -അദ്ദേഹം എക്സിൽ കുറിച്ചു.
ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണത്തെ അപലപിച്ചും അനുകൂലിച്ചും ലോക രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണത്തെ ഇറാന്റെ സഖ്യകക്ഷികൂടിയായ റഷ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.



