വാഷിങ്ടൺ: രാജ്യത്ത് സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഇറാനെതിരെ ശക്തമായ നടപടികൾ ആലോചിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഞങ്ങൾ ഇത് വളരെ ഗൗരവമായി പരിഗണിക്കുന്നു. സൈന്യവും ഇത് പരിശോധിക്കുന്നു, ശക്തമായ ചില വഴികൾ ഞങ്ങൾ പരിഗണിക്കുന്നു. ഞങ്ങൾ ഒരു തീരുമാനം എടുക്കും’ എയർഫോഴ്‌സ് വണ്ണിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ പ്രതികരണവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി പ്രതികരിച്ചു. ഇറാൻ യുദ്ധത്തിനും ചർച്ചകൾക്കും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇസ്ലാമിക റിപ്പബ്ലിക് ഓഫ് ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, ഞങ്ങളെ ഇങ്ങോട്ട് ആക്രമിച്ചാൽ ഞങ്ങൾ യുദ്ധത്തിന് പൂർണ്ണമായി തയ്യാറാണ്. ചർച്ചകൾക്കും ഞങ്ങൾ തയ്യാറാണ്, പക്ഷേ ചർച്ചകൾ ന്യായമായതും തുല്യ അവകാശങ്ങളോടും പരസ്പര ബഹുമാനത്തോടും കൂടിയായിരിക്കണം’ ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇതിനിടെ സൈനിക നടപടി സംബന്ധിച്ച് താൻ ഭീഷണി മുഴക്കിയതിന് ശേഷം ഇറാനിയൻ നേതൃത്വം ചർച്ചകൾക്ക് വിളിച്ചതായും ഒരു കൂടിക്കാഴ്ച സജ്ജീകരിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് മുമ്പ് തങ്ങൾ പ്രവർത്തിക്കേണ്ടി വന്നേക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.



