വാഷിങ്ടൺ: വെനസ്വേലയുടെ ഭരണത്തിൽ ഇടപെടുന്നത് പോലെ ഇറാൻ ഭരണകൂടത്തിലും അമേരിക്കക്ക് സ്വാധീനം വേണമെന്ന അധിനിവേശ മോഹം പരസ്യമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിൽ താൻ ഇടപെടുമെന്ന് ട്രംപ് വ്യക്തമാക്കി. ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയെ ഭരണാധികാരിയാക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം കഴിവില്ലാത്തവനാണെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
‘അവർ സമയം പാഴാക്കുകയാണ്. ഖാംനഈയുടെ മകൻ നിസ്സാര വ്യക്തിത്വമാണ്. എനിക്ക് അസ്വീകാര്യനാണ്. ഇറാനിൽ ഐക്യവും സമാധാനവും കൊണ്ടുവരുന്ന ഒരാളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വെനസ്വേലയിൽ മദുറോയെ മാറ്റി ഡെൽസി റോഡ്രിഗ്സിയെ തെരഞ്ഞെടുത്തത് പോലെ, (ഇറാനിലെ പുതിയ ഭരണാധികാരിയുടെ) നിയമനത്തിലും ഞാൻ പങ്കാളിയാകും’ -ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ആയത്തുല്ല ഖാംനഈ, തന്റെ മകനെ പിൻഗാമിയാക്കാതിരിക്കാൻ കാരണം അദ്ദേഹത്തിന് കഴിവില്ലാത്തത് കൊണ്ടാണെന്നും ട്രംപ് ആരോപിച്ചു. ‘ഇറാന്റെ ഭാവി ഭരണകൂടത്തിൽ എനിക്ക് വലിയ സ്വാധീനമുണ്ടാകും. അല്ലെങ്കിൽ ഒരു ഒത്തുതീർപ്പും ഉണ്ടാകില്ല. ഞങ്ങൾ ചെയ്തത് തന്നെ വീണ്ടും ചെയ്യാൻ ആഗ്രഹിക്കുന്നില്ല’
അദ്ദേഹം പറഞ്ഞു. ‘ആണവായുധങ്ങൾ ഇല്ലാതെ, ഇറാനെ നന്നായി നയിക്കാൻ കഴിയുന്ന ആരെങ്കിലും ഭരണത്തിലെത്തും എന്ന് ഉറപ്പാക്കാൻ ഞങ്ങൾ അവിടെയുള്ള ജനങ്ങളോടും ഭരണകൂടത്തോടും ചേർന്ന് പ്രവർത്തിക്കും’ -ട്രംപ് പറഞ്ഞു.



