ഒളിംപിക്‌സ് മെഡല്‍ ജേതാവായ മലയാളി മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. 1972-ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനൊപ്പം വെങ്കല മെഡല്‍ നേട്ടം സ്വന്തമാക്കിയ മലയാളി ഹോക്കി ഇതിഹാസമാണ് മാനുവല്‍ ഫ്രെഡറിക. ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയവെയാണ് കണ്ണൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
ഒരു മലയാളിക്ക് ആദ്യമായി ഒളിംപിക്‌സ് മെഡല്‍ നേട്ടം സമ്മാനിച്ച താരമാണ് മാനുവല്‍ ഫ്രെഡറിക്. ഏഴ് വര്‍ഷക്കാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായി അദ്ദേഹം പ്രവര്‍ത്തിച്ചു. മാനുവലിന്റെ അര്‍പ്പണ മനോഭാവവും ആത്മധൈര്യവും നിറഞ്ഞ ഗോള്‍കീപ്പിങ് ശൈലി ഹോക്കി ലോകത്ത് അദ്ദേഹത്തിന് ‘ഇന്ത്യന്‍ ടൈഗര്‍’ എന്ന വിളിപ്പേര് നേടിക്കൊടുത്തു. ഹെല്‍മറ്റ് ഉപയോഗിക്കാതെ, നെറ്റി കൊണ്ട് പോലും ബോളുകള്‍ തടുത്തിട്ട മാനുവലിന്റെ മികവില്‍ ഇന്ത്യന്‍ ഹോക്കിയുടെ ഇതിഹാസ താരം ധ്യാന്‍ ചന്ദ് പോലും വിസ്മയിച്ചിട്ടുണ്ട്.
1972-ലെ മ്യൂണിക് ഒളിംപിക്‌സില്‍ മാനുവലിന്റെ മികച്ച പ്രകടനം ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ടൂര്‍ണമെന്റില്‍ എട്ട് ഗോളുകള്‍ മാത്രമാണ് മാനുവല്‍ വഴങ്ങിയത്. ആറ് വിജയങ്ങളുമായിട്ടാണ് ഇന്ത്യന്‍ ടീം സെമിഫൈനലില്‍ പ്രവേശിച്ചത്. ഹോക്കിക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2019-ലെ ധ്യാന്‍ ചന്ദ് അവാര്‍ഡ് നല്‍കി രാജ്യം മാനുവല്‍ ഫ്രെഡറിക്കിനെ ആദരിച്ചിരുന്നു.



