ബൊഗോട്ട : കൊളംബിയയിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ, നിരവധി മരണം. വ്യോമസേനയുടെ ഹെർക്കുലീസ് സി 130 വിഭാഗത്തിൽപ്പെട്ട സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് പെറു അതിർത്തിക്ക് സമീപമുള്ള പുട്ടുമായോയിലെ പ്യൂർട്ടോ ലെഗുയിസാമോയിലാണ് സംഭവം. വിമാനം പറന്നുയരുന്നതിനിടെയാണ് തകർന്നുവീണതെന്നാണ് റിപ്പോർട്ട്. എത്ര പേരാണ് മരിച്ചതെന്ന കണക്ക് പുറത്തുവന്നിട്ടില്ല. അപകടസമയത്ത് വിമാനത്തിൽ 114 സൈനികരും 11 ജിവനക്കാരും ഉണ്ടായിരുന്നു.
പുട്ടുമായോ പ്രവിശ്യയിലെ പോർട്ടോ ലെഗുയിസാമോ എന്ന നഗരത്തിനു സമീപമാണ് സൈനികരെ കൊണ്ടുപോയിരുന്ന യുഎസ് നിർമിത സി-130 ഹെർക്കുലീസ് വിമാനം തകർന്നുവീണത്. ഇതുവരെ പരുക്കേറ്റ 48 പേരെ വിമാനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വ്യോമസേനാ മേധാവി കാർലോസ് ഫെർണാണ്ടോ സിൽവ റുയേഡ അറിയിച്ചു.
അപകടത്തിൽ ആരും മരിക്കാതിരിക്കട്ടെ എന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ എക്സിൽ കുറിച്ചു. പ്രദേശവാസികൾ മോട്ടോർ സൈക്കിളുകളിലും മറ്റും പരുക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം ബൊളീവിയയിലും സമാനമായ രീതിയിൽ ഹെർക്കുലീസ് വിമാനം തകർന്ന് 20 പേർ മരിച്ചിരുന്നു..



