വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം. വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, ഇന്ത്യ ഗസ്സ സമാധാന സമിതിയിൽ ചേരുമോയെന്ന് വ്യക്തമല്ല. ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ-യു.എസ് ബന്ധം തീരുവയുടെ പേരിൽ വഷളാവുന്നതിനിടെയാണ് ഡോണൾഡ് ട്രംപിന്റെ ക്ഷണമെന്നത് ശ്രദ്ധേയമാണ്. നിലവിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം നികുതിയാണ് യു.എസ് ചുമത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര കരാറും യാഥാർഥ്യമായിട്ടില്ല. ഗസ്സ സമാധാന പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ട്രംപ് സമിതിയെ പ്രഖ്യാപിച്ചത്.
ട്രംപ് തന്നെ അധ്യക്ഷനാകുന്ന സമിതിയിൽ തുർക്കിയ, ഈജിപ്ത്, അർജന്റീന, ഇന്തോനേഷ്യ, ഇറ്റലി, മൊറോക്കോ, യു.കെ, ജർമനി, കാനഡ, ആസ്ട്രേലിയ അടക്കം 60 രാജ്യങ്ങളുടെ തലവന്മാർക്ക് ക്ഷണമുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി െബ്ലയർ, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബാംഗ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ സമിതിയിൽ അംഗങ്ങളാണ്.



