ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 4 ഡോക്ടർമാരുടെ റജിസ്‌ട്രേഷൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) റദ്ദാക്കി. ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ റജിസ്റ്റർ (ഐഎംആർ), നാഷനൽ മെഡിക്കൽ റജിസ്റ്റർ (എൻഎംആർ) എന്നിവയാണ് റദ്ദാക്കിയത്.
ഇവർക്ക് ഇന്ത്യയിൽ ഒരിടത്തും ഇനി ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ കഴിയില്ല. അന്വേഷണ ഏജൻസികൾ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി എൻഎംസിയുടെ ഉത്തരവിൽ പറയുന്നു.
ഫരീദാബാദിൽ തീവ്രവാദ ബന്ധമുള്ള ഡോക്ടർമാരെ ജമ്മു കശ്മീർ പൊലീസ് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ചെങ്കോട്ടയ്ക്കു മുന്നിൽ കാർ ബോംബ് സ്ഫോടനം നടന്നത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്.



