മെൽബൺ: ദീർഘകാല പങ്കാളിയായ വിവാഹം ചെയ്ത് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്. അൽബനീസിന്റെ ഔദ്യോഗിക വസതിയായ ലോഡ്ജ് ഇൻ കാൻബറയിൽ നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചാണ് 62കാരനായ അൽബനീസും 46കാരിയായ ജോഡി ഹെയ്ഡനും വിവാഹിതരായത്. ഇതോടെ അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യ ആസ്ട്രേലിയൻ പ്രധാനമന്ത്രിയായി അൽബനീസ് മാറി.
സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ് ഹെയ്ഡൻ. നടൻ റസ്സൽ ക്രോയും നിരവധി കാബിനറ്റ് മന്ത്രിമാരും ഉൾപ്പെടെ 60 ഓളം അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ബോ-ടൈ ധരിച്ച്, നീണ്ട വെള്ള ഗൗണ്‍ അണിഞ്ഞ പുഞ്ചിരിക്കുന്ന വധുവിന്റെ കൈപിടിച്ച്, ചുറ്റും പറന്നുവീഴുന്ന വർണക്കടലാസുകള്‍ക്കിടയിലൂടെ നടക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിവാഹിതനായ കാര്യം അൽബനീസ് വെളിപ്പെടുത്തിയത്. വർഷങ്ങളായി അൽബനീസും ഹെയ്ഡനും ഒരുമിച്ച് പല പരിപാടികളിലും പങ്കെടുക്കാറുണ്ട്. 2022ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും മേയിൽ അൽബനീസിന്റെ ലേബർ പാർട്ടി വൻ ഭൂരിപക്ഷം നേടി വിജയിച്ചപ്പോഴും ഹെയ്ഡൻ ഒപ്പമുണ്ടായിരുന്നു.
”ഞങ്ങളുടെ സ്‌നേഹവും ഒരുമിച്ച് ജീവിക്കാനുള്ള പ്രതിബദ്ധതയും, ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും മുന്നില്‍ പങ്കുവെക്കുന്നതില്‍ സന്തുഷ്ടരാണ്”-എന്നായിരുന്നു വിവാഹത്തിന് ശേഷം അൽബനീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. അഞ്ചുവർഷം മുമ്പ് മെൽബണിൽ നടന്ന ഒരു പരിപാടിക്കിടെയാണ് അൽബനീസ് ഹെയ്ഡനെ കണ്ടുമുട്ടിയത്.



