സജി പുല്ലാട്
ഹൂസ്റ്റൺ/മാരാമൺ: ചരിത്രപ്രസിദ്ധമായ 131- മത് മാരാമൺ കൺവെൻഷന് മുന്നോടിയായി കല്ലിശ്ശേരി കടവിൽ മാളികയ്ക്ക് അടുത്തുള്ള കടവിൽ നിന്നും ആരംഭിച്ച ജലയാനം മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി മാമ്മൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഉമയാറ്റുകര മാർത്തോമ്മാ ഇടവക വികാരി റവ. ജാക്സൺ ജോസഫ്, റവ. ജിജി വർഗീസ്, സുവി.തോമസ് മാത്യു, വിശ്വാസ സമൂഹം എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്.

കല്ലിശ്ശേരിയിലെയും, സമീപ ഇടവകകളിൽ നിന്നുമുള്ള സ്ത്രീകൾ ചട്ടയും, മുണ്ടും, കസവ് നേരൃതും ധരിച്ച് കയ്യിൽ ബൈബിളും,കുടയും,റാന്തൽ വിളക്കുമായും; പുരുഷന്മാർ മുണ്ടും,ഷർട്ടും, തലയിൽ തൊപ്പി പാളയും വെച്ച് പരമ്പരാഗത വേഷവിധാനത്തിലാണ് ഈ സന്ദേശയാത്രയിൽ പങ്കെടുത്തത്.

പ്രകൃതിയെ സംരക്ഷിക്കൂ ഭൂമിക്ക് കരുത്തേകൂ, നാം ശ്വസിച്ച വായുവും നാം കുടിച്ച വെള്ളവും സൃഷ്ടിജാല വൃന്ദവും ദൈവദാനം അല്ലയോ, മാനവൻറെ ജീവശക്തി വെള്ളവും ധരണിയും, ദൈവ സൃഷ്ടിയാം പ്രകൃതിയെ രക്ഷിക്കേണ്ടത് നമ്മുടെ കടമ, മണ്ണിനും മനുഷ്യനും മരങ്ങളാണ് സർവ്വസ്വം… തുടങ്ങി നിരവധി സന്ദേശങ്ങൾ ഉയർത്തി ആയിരുന്നു രണ്ടു വള്ളങ്ങളിലായുള്ള ഈ ജലയാത്ര.
പരിസ്ഥിതി സൗഹൃദ സന്ദേശവും, ഗതകാല സ്മരണയുമാണ് ഈ യാത്രയിലൂടെ ഉദ്ദേശിക്കുന്നത്.

മാരാമൺ കൺവെൻഷൻ പന്തലിന് സമീപം എത്തിയ സന്ദേശവാഹകരെ അഭിവന്ദ്യ ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ,റവ. എബി കെ ജോഷ്വാ, ആൻ്റോ ആന്റണി എം പി, മറ്റു വൈദികരും നിരവധി വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.



