വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സുപ്രധാന യു.എസ് വ്യോമതാവളങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കുന്നു. മുൻകരുതലുകളുടെ ഭാഗമായാണ് സൈനിക പിന്മാറ്റമെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.
ഇറാനിൽ യു.എസ് ആക്രമണമുണ്ടാകുന്ന പക്ഷം അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകിയ മുന്നറിയിപ്പിന് സമാനമായി സൗദി അറേബ്യ, യു.എ.ഇ, തുർക്കിയ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിന്നാലെയാണ് മേഖലയിലെ വ്യോമ താവളങ്ങളിൽനിന്ന് സൈനികരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ വധിക്കാൻ തുനിഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാന് യു.എസ് പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
പശ്ചിമേഷ്യയിലെ യു.എസിന്‍റെ ഏറ്റവും വലിയ സൈനിക ആസ്ഥാനം ഖത്തറിലെ അൽ ഉദൈദാണ്. 10,000 ഓളം സൈനികരുള്ള മേഖലയിലെ ഏറ്റവും വലിയ യു.എസ് താവളമാണ് ഉദൈദ്. കഴിഞ്ഞവർഷം ഇറാൻ ആക്രമണത്തിന് മുമ്പും ഇവിടെനിന്ന് സൈനികരെ വൻതോതിൽ മാറ്റിയിരുന്നു. ഇറാനിലെ ആണവ നിലയങ്ങൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഉദൈദിൽ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു.
ബുധനാഴ്ച വൈകീട്ടോടു കൂടി അൽ ഉദൈദ് താവളം വിട്ടുപോകാൻ പല സൈനികർക്കും നിർദേശം നൽകിയതായാണ് വിവരം. യു.എസ് ഇറാനെ ആക്രമിച്ചേക്കുമെന്ന ആശങ്ക മേഖലയിൽ വീണ്ടും യുദ്ധഭീതി പരത്തുകയാണ്. അതേസമയം, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ യു.എസ് ഇടപെടൽ അംഗീകരിക്കാനാകില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉടൻ ആക്രമിക്കാനുള്ള ട്രംപ് ഭരണകൂട നീക്കം തൽക്കാലം നിർത്തിവെക്കണമെന്ന് അറബ് രാജ്യങ്ങളും ഇസ്രായേലും യു.എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



