ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും കുടിയേറ്റവും സംബന്ധിച്ച നിയമങ്ങളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ‘ഓവർസീസ് മൊബിലിറ്റി (ഫെസിലിറ്റേഷൻ ആൻഡ് വെൽഫെയർ) ബിൽ, 2025’ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. നിലവിലുള്ള ‘എമിഗ്രേഷൻ ആക്ട് 1983’ ന് പകരമായാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. ഇന്ത്യൻ പൗരന്മാരുടെ വിദേശ ജോലിയുമായി ബന്ധപ്പെട്ട് സുരക്ഷിതവും ചിട്ടയുള്ളതുമായ കുടിയേറ്റത്തിനായി നിയന്ത്രണ സംവിധാനം സ്ഥാപിക്കുക, അവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന നയങ്ങളും പദ്ധതികളും രൂപീകരിക്കുക തുടങ്ങിയവയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളായി സർക്കാർ പറയുന്നത്.
വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള നയപരമായ കാര്യങ്ങളിൽ കൂടുതൽ ഏകോപനം ഉറപ്പാക്കാൻ ഓവർസീസ് മൊബിലിറ്റി ആൻഡ് വെൽഫെയർ കൗൺസിൽ സ്ഥാപിക്കാൻ ബിൽ നിർദ്ദേശിക്കുന്നുണ്ട്. വിദേശ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ദുർബല വിഭാഗത്തിലുള്ളവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കാനും ബിൽ ശ്രമിക്കുന്നു. കുടിയേറ്റം, മൊബിലിറ്റി എന്നിവ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികളുടെ ഭരണനിർവ്വഹണവും നടപ്പാക്കലും നിരീക്ഷിക്കാൻ സംവിധാനം ഒരുക്കും. തൊഴിൽ പഠനങ്ങളെയും വിവിധ മന്ത്രാലയങ്ങളുമായുള്ള ഏകോപനത്തെയും അടിസ്ഥാനമാക്കി ഡാറ്റാധിഷ്ഠിതമായ നയരൂപീകരണം നടത്താൻ ഈ ബിൽ സഹായിക്കുമെന്നും 1983 ൽ നിലവിൽ വന്ന നിലവിലെ കുടിയേറ്റ നിയമത്തിലെ കാലഹരണപ്പെട്ട വ്യവസ്ഥകൾ മാറ്റി, ആധുനിക ലോകത്തിന് അനുയോജ്യമായ ഒരു സമഗ്ര നിയമം കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ബില്ലിന് പിന്നിലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
പുതിയ ബിൽ പാസായാൽ ഉണ്ടാവുന്ന പ്രധാന മാറ്റങ്ങളും വിശദാംശങ്ങളും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് തൊഴിലവസരങ്ങൾ, സുരക്ഷിതമായ കുടിയേറ്റ രീതികൾ, ആവശ്യമായ രേഖകൾ, പരിശീലനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിനായി ഇന്ത്യയിലും വിദേശത്തും മൊബിലിറ്റി റിസോഴ്‌സ് സെന്ററുകൾ സ്ഥാപിക്കും. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇത് വലിയ സഹായകമാകും. പുതിയ കൗൺസിൽ ഭരണപരമായ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. ബില്ല് ഒരു ഡയറക്ടർ ജനറൽ ഓഫ് ഓവർസീസ് മൊബിലിറ്റി ഉദ്യോഗസ്ഥനെ നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇവരായിരിക്കും നിയമത്തിന്റെ നടത്തിപ്പ്, പ്രവാസികൾക്ക് പിന്തുണ നൽകൽ, വിദേശത്തും സ്വദേശത്തുമുള്ള മൊബിലിറ്റി റിസോഴ്‌സ് സെന്ററുകളുടെ മേൽനോട്ടം വഹിക്കൽ എന്നിവയ്ക്ക് നേതൃത്വം നൽകുന്നത്.
ഈ ഉദ്യോഗസ്ഥനെ സഹായിക്കാൻ പ്രാദേശിക തലത്തിൽ റീജിയനൽ ഓവർസീസ് മൊബിലിറ്റി ഓഫീസർമാരും ഉണ്ടാകും. അനധികൃത റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴിയുള്ള ചൂഷണം തടയാൻ ബില്ലിൽ കർശന വ്യവസ്ഥകളുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ ലംഘിക്കുന്ന ഓവർസീസ് പ്ലേസ്‌മെന്റ് ഏജൻസികൾക്ക് കടുത്ത ശിക്ഷ ലഭിക്കും. നിയമലംഘനങ്ങൾക്ക് ഏജൻസികൾക്ക് അഞ്ച് മുതൽ 20 ലക്ഷം രൂപ വരെ പിഴ ചുമത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയാൻ ഒരു പരിതി വരെ സഹായിക്കും.
കുടിയേറ്റവുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരിക്കാനും നയരൂപീകരണം മെച്ചപ്പെടുത്താനും ഒരു സമഗ്ര വിവര സംവിധാനം സ്ഥാപിക്കപ്പെടും. കുടിയേറ്റത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സർക്കാരിന് ലഭിക്കുന്നതിലൂടെ, പ്രവാസി ക്ഷേമത്തിനായുള്ള നയങ്ങൾ കൂടുതൽ ഫലപ്രദമായി രൂപീകരിക്കാൻ കഴിയും എന്നൊക്കെയാണ് സർക്കാരിന്റെ വാദങ്ങൾ. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയെത്തുന്നവരുടെ ക്ഷേമം ഉറപ്പാക്കാനും ബില്ലിൽ വ്യവസ്ഥകളുണ്ട്. 182 ദിവസമോ അതിൽ കൂടുതലോ വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തുന്നവരെ ‘തിരിച്ചെത്തുന്നവർ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി അവർക്ക് പ്രത്യേക സഹായങ്ങൾ നൽകാൻ വ്യവസ്ഥയുണ്ട്.
പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലിന്റെ കരട് രൂപം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി സമർപ്പിച്ചിരിക്കുകയാണ് സർക്കാർ. [email protected], [email protected], [email protected] എന്നീ ഇമെയിലുകളിലാണ് അഭിപ്രായങ്ങൾ അറിയിക്കേണ്ടത്. 2025 നവംബർ 09 ആണ് അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന തീയതി. പൊതുജനാഭിപ്രായങ്ങൾ പരിഗണിച്ച ശേഷം ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയും നിയമമാക്കുകയും ചെയ്യും. ‘ഓവർസീസ് മൊബിലിറ്റി ബിൽ 2025’ ന്റെ പൂർണമായ കോപ്പി ലഭിക്കാൻ സന്ദർശിക്കുക: https://www.mea.gov.in/overseasmobilitybill2025.htm



