മനില :ദക്ഷിണ ഫിലിപ്പീൻസിൽ 350 യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മുങ്ങി 18 മരണം. നിരവധി ആളുകളെ കാണാതായെന്നും 317 യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. കോസ്റ്റ് ഗാർഡും നാവികസേനയുടെ കപ്പലും നിരീക്ഷണ വിമാനവും വ്യോമസേനയുടെ ഹെലികോപ്റ്ററും പ്രാദേശിക മത്സ്യബന്ധന ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും രാത്രിയിലും തിരച്ചിൽ തുടരുമെന്നും ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് വക്താവ് നോമി കയാബ്യാബ് വ്യക്തമാക്കി.
മിൻഡാനോയുടെ തെക്കുപടിഞ്ഞാറൻ അറ്റത്തുള്ള സാംബോംഗ സിറ്റി തുറമുഖത്ത് നിന്ന് സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് പുറപ്പെട്ട എംവി ട്രിഷ കെർസ്റ്റിൻ 3 എന്ന ഫെറി ബസിലാൻ പ്രവിശ്യയുടെ തീരത്തുനിന്ന് ഏകദേശം ഒരു നോട്ടിക്കൽ മൈൽ അകലെയാണ് അപകടത്തിൽപ്പെട്ടത്.



