മനാമ∙ ഇറാൻ നടത്തുന്ന ശത്രുതാപരമായ ആക്രമണങ്ങളിൽ ബഹ്‌റൈൻ പ്രതിരോധ സേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തത് 114 ബാലിസ്റ്റിക് മിസൈലുകളും 190 ഡ്രോണുകളാണെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് അറിയിച്ചു.
ഇറാൻ നടത്തുന്ന ഈ ആക്രമണങ്ങളെ ഭീകരവാദപരമായ പ്രവൃത്തിയായി ബഹ്‌റൈൻ വിശേഷിപ്പിച്ചു. സാധാരണക്കാരുടെ താമസസ്ഥലങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വച്ച് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് രാജ്യാന്തര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ വാർത്താ ഏജൻസി (ബിഎൻഎ) വഴി പുറത്തിറക്കിയ പ്രസ്താവനയിൽ അധികൃതർ കുറ്റപ്പെടുത്തി. ഈ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ്.
റമസാൻ മാസത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം പ്രകോപനപരമായ ആക്രമണങ്ങൾ ഉണ്ടായതെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. ബഹ്‌റൈന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ പ്രതിരോധ സേന പൂർണ സജ്ജമാണെന്നും രാജ്യം സുരക്ഷിതമാണെന്നും ആവർത്തിച്ചു വ്യക്തമാക്കി.



