മാഡ്രിഡ്: സ്പെയ്ൻ തലസ്ഥാനമായ മാഡ്രിഡിൽ അതിവേഗ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തിൽ രാജ്യത്തുടനീളം മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 2013ൽ വടക്കുപടിഞ്ഞാറൻ നഗരമായ സാന്റിയാഗോ ഡി കമ്പോസ്റ്റേലക്കു പുറത്ത് ഒരു ട്രെയിൻ വളഞ്ഞ ട്രാക്കിൽ നിന്ന് തെന്നിമാറി 80 പേർ മരിച്ചതിന് ശേഷമുള്ള സ്‌പെയിനിലെ ഏറ്റവും മാരകമായ ട്രെയിൻ അപകടമാണിത്.
മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോകുകയായിരുന്ന, റെയിൽ കമ്പനിയായ ‘ഇറിയോ’ സർവിസ് നടത്തിയ ട്രെയിൻ തെക്കൻ അൻഡലൂഷ്യ മേഖലയിലെ അഡമുസിന് സമീപം പാളം തെറ്റിയാണ് ഏറ്റവും പുതിയ ദുരന്തം. അത് മറ്റേ ട്രാക്കിലേക്ക് കടന്ന് എതിരെ വന്ന ട്രെയിനിൽ ഇടിച്ചു. അതും പാളം തെറ്റി.
ഇത് മുഴുവൻ സ്പെയിനിനും, നമ്മുടെ മുഴുവൻ രാജ്യത്തിനും ദുഃഖത്തിന്റെ ദിവസമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അദാമുസിൽ നടത്തിയ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അപകടത്തിൽ 72 പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.



