എബി മക്കപ്പുഴ
ജോധ്പുർ: വിവാഹത്തിനുള്ള പ്രായത്തെ ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി പ്രസ്താവിച്ചു.
പ്രായപൂർത്തിയായവർക്ക് വിവാഹപ്രായം ആയില്ലെങ്കിലും ഒരുമിച്ച് താമസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 18 വയസ്സ് പൂർത്തിയായവർക്ക് വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശമുണ്ടെന്നും ഇത് ഭരണഘടനാപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി. വിവാഹപ്രായം ആകാത്തതുകൊണ്ട് ഈ അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ലിവ് ഇൻ ബന്ധങ്ങൾ സംബന്ധിച്ച നിയമ പ്രശ്നങ്ങൾക്ക് വലിയ ദിശാബോധം നൽകുന്ന വിധിപ്രസ്താവമാണ് രാജസ്ഥാൻ ഹൗക്കോടതിയിൽ നിന്ന് വന്നിരിക്കുന്നത്.
രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള 18 വയസ്സുള്ള യുവതിയും 19 വയസ്സുള്ള യുവാവും നൽകിയ സംരക്ഷണ ഹർജി പരിഗണിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. തങ്ങൾ സ്വമേധയാ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചെന്നും ഇതിനായി 2025 ഒക്ടോബർ 27ന് ഒരു കരാർ ഉണ്ടാക്കിയെന്നും ഇവർ കോടതിയെ അറിയിച്ചു. എന്നാൽ ഇവരുടെ കുടുംബങ്ങൾ ഇതിനെ ശക്തമായി എതിർക്കുകയും ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹർജിയിൽ പറയുന്നു. പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വന്നതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിക്കാർക്കെതിരായാണ് സംസ്ഥാന സര്‍ക്കാർ നിലപാട് സ്വീകരിച്ചത്. യുവാവിന് വിവാഹത്തിനുള്ള നിയമപരമായ പ്രായമായ 21 വയസ്സ് പൂർത്തിയായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഇക്കാരണത്താൽ ഇരുവരെയും ഒരുമിച്ച് താമസിക്കാൻ അനുവദിക്കരുതെന്നും വാദമുയർത്തി. എന്നാൽ ജസ്റ്റിസ് അനൂപ് ധൻഡ് അധ്യക്ഷനായ ബെഞ്ച് ഈ വാദം തള്ളി. വിവാഹം കഴിക്കാനുള്ള കഴിവും സ്വയം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള കഴിവും രണ്ടാണ് എന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യൻ നിയമപ്രകാരം 18 വയസ്സ് പൂർത്തിയായവരെല്ലാം പ്രായപൂർത്തിയായവരായി കണക്കാക്കപ്പെടുന്നതായി കോടതി ഓർമിപ്പിച്ചു. പ്രായപൂർത്തിയായവർക്ക് വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള അവകാശമുണ്ട്. ഇതിൽ ഒരുമിച്ച് താമസിക്കാനുള്ള തീരുമാനവും ഉൾപ്പെടുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുശാസിക്കുന്ന, ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഇത്തരം തീരുമാനങ്ങളിൽ സർക്കാർ ഇടപെടുന്നതിനെ പ്രതിരോധിക്കുന്നുണ്ടെന്നും കോടതി വിശദീകരിച്ചു.



