അങ്കാറ: ലോകത്തു പലയിടങ്ങളിലായി വർധിച്ചുകൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിലിലൂടെ മൂന്നാം ലോകയുദ്ധം നടന്നുകൊണ്ടിരിക്കുകയാണെന്നും മാനവരാശിയുടെ ഭാവി പ്രതിസന്ധിയിലാണെന്നും ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. പാപ്പ പദവിയിലെത്തിയ ശേഷമുള്ള ആദ്യ വിദേശയാത്രയുടെ ഭാഗമായി തുർക്കിയിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.
മുസ്‌ലിം ഭൂരിപക്ഷരാജ്യമായ തുർക്കിയിലെ ആദ്യദിനം മാർപാപ്പ പ്രസിഡന്റ് തയീപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി. പലസ്തീൻ വിഷയത്തിൽ ലിയോ പതിനാലാമന്റെ നിലപാടുകളെ സ്വാഗതം ചെയ്ത എർദോഗൻ, സംഘർഷത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കാലത്ത് പാപ്പയുടെ സന്ദർശനം മാനവരാശിക്കു പ്രതീക്ഷയേകുന്നതായി പറഞ്ഞു.
പിന്നാലെ ഇസ്തംബുളിലേക്കു തിരിച്ച പാപ്പ, ക്രൈസ്തവസഭയുടെ ആദ്യത്തെ സുന്നഹദോസ് നിഖ്യയിൽ നടന്നതിന്റെ 1700–ാം വാർഷികാഘോഷത്തിനായി ആഗോള ഓർത്തഡോക്സ് സഭയുടെ ബർത്തലോമിയോ പാത്രിയർക്കീസിനൊപ്പം ഇന്ന് ഇസ്നിക്കിലെത്തും. നാളെ ഇസ്തംബുളിലെ ഫോക്സ്‍വാഗൻ അറീനയിൽ പൊതു കുർബാന അർപ്പിക്കും. ഞായറാഴ്ച അർമീനിയൻ അപ്പോസ്തലിക് കത്തീഡ്രൽ സന്ദർശനവുമുണ്ട്.
30ന് ഉച്ചകഴിഞ്ഞു ലബനനിലെത്തുന്ന മാർപാപ്പ പ്രസിഡന്റ് ജോസഫ് ഔനുമായി കൂടിക്കാഴ്ച നടത്തും.



