(എബി മക്കപ്പുഴ)
ലോസ് ഏഞ്ചൽസ്: യുഎസ് സൈന്യത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ‘ഡൂംസ്‌ഡേ പ്ലെയിൻ’ എന്നറിയപ്പെടുന്ന ബോയിംഗ് ഇ-4ബി നൈറ്റ് വാച്ച് കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത് ലോകമെമ്പാടും വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതെളിച്ചിരിക്കുകയാണ്. ഏകദേശം 51 വർഷത്തെ സേവന ചരിത്രമുള്ള ഈ വിമാനം ഇത്തരത്തിൽ ഒരു പൊതു വിമാനത്താവളത്തിൽ പ്രത്യക്ഷപ്പെടുന്നത് അത്യപൂർവ്വമായ സംഭവമാണ്.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സേന പിടികൂടിയതും ഇറാനുമായുള്ള സംഘർഷാവസ്ഥയും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഈ വിമാനത്തിന്റെ സാന്നിധ്യം വെറുമൊരു യാദൃശ്ചികതയല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ശീതയുദ്ധകാലത്ത് രൂപകൽപ്പന ചെയ്ത ബോയിംഗ് 747-200 വിമാനത്തിന്റെ പരിഷ്കരിച്ച രൂപമാണ് ഇ-4ബി നൈറ്റ് വാച്ച്. ഒരു ആണവയുദ്ധമോ അല്ലെങ്കിൽ ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും തകരുന്ന രീതിയിലുള്ള വലിയ ദുരന്തങ്ങളോ ഉണ്ടായാൽ യുഎസ് സർക്കാരിന് ആകാശത്തിരുന്ന് ഭരണം നടത്താനുള്ള സംവിധാനമാണ് ഇതിലുള്ളത്.
അതുകൊണ്ടാണ് ഇതിനെ ‘ലോകാന്ത്യ വിമാനം എന്നാണ് വിളിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ്, പ്രതിരോധ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി ഇരുന്ന് സൈന്യത്തെ നിയന്ത്രിക്കാൻ ആവശ്യമായ അത്യാധുനിക സജ്ജീകരണങ്ങൾ ഇതിലുണ്ട്



