ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ കൊലപ്പെടുത്തിയ കേസിൽ ടെറ്റ്‌സുയ യമഗാമി (45) എന്ന പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ജപ്പാൻ കോടതി. 2022-ൽ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. 2026 ജനുവരി 21 ബുധനാഴ്ചയാണ് നാര ജില്ലാ കോടതി കേസിൽ വിധി പ്രസ്താവിച്ചത്.
‘യുദ്ധാനന്തര ചരിത്രത്തിലെ അഭൂതപൂർവവും അതീവഗുരുതരവുമായ സംഭവം’ എന്നാണ് പ്രോസിക്യൂട്ടർമാർ കൊലപാതകത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ കൊലപാതകിക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
സംഭവദിവസം, 2022 ജൂലൈ എട്ടിന് പടിഞ്ഞാറൻ ജപ്പാനിലെ നരാ പട്ടണത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആബെ. പ്രാദേശികസമയം രാവിലെ 11.30-ഓടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ആബെ പ്രസംഗിക്കാൻ തുടങ്ങി മിനിറ്റുകൾക്കകം, അദ്ദേഹത്തിന്റെ പിന്നിൽനിന്ന് പ്രതി വെടിയുതിർക്കുകയായിരുന്നു. സ്വന്തമായി നിർമിച്ച തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത് എന്ന് പ്രതി സമ്മതിച്ചിരുന്നു.



