തിരുവനന്തപുരം: ആസ്ഥാനമന്ദിരത്തിനും കോടികൾ പൊടിയ്ക്കാനൊരുങ്ങി വിപ്ലവ പാർട്ടികളായ സിപിഎമ്മും സിപിഐയും. നിലവിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് കോടികൾ ചിലവഴിക്കാൻ ഒരുങ്ങുന്നത്. സി പി ഐയുടെ എം എൻ സ്മാരകത്തിന് പത്ത് കോടിയിലേറെ രൂപയാണ് നിർമ്മാണ ചെലവ്.നിലവിലെ രണ്ടു നില മൂന്നാക്കുന്നതിനൊപ്പം അത്യാധുനിക സംവിധാനങ്ങളും ഇവിടെയൊരുക്കും. ക്വാർട്ടേഴ്സുകൾ, വായനശാല, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങൾ ഇവിടെയൊരുങ്ങും.
പാർട്ടി പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നും പണം പിരിച്ചാണ് മന്ദിരം നവീകരിക്കുന്നത്. ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും ഇതിൽ എതിർപ്പുണ്ട്. അനാവശ്യ പണച്ചെലവുകൾ നിലവിലെ സാഹചര്യത്തിൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും ഇവർ പറയുന്നു.മേയ് ഒന്ന് മുതൽ 10 വരെയാണ് ഫണ്ട് സമാഹരണം നടക്കുക. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാലത്ത് സ്ഥാപിതമായതാണ് നിലവിലെ മന്ദിരം.
സി.പി.എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എ.കെ.ജി സെന്ററിന് എതിർവശത്തായി പാർട്ടിക്ക് പുതിയ ആസ്ഥാന മന്ദിര നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനായി 31.95 സെന്റ് സ്ഥലം പാർട്ടി വില കൊടുത്തു വാങ്ങിയിരുന്നു. 6.4 കോടി രൂപ പ്രമാണത്തിൽ രേഖപ്പെടുത്തിയാണ് ഇടപാട്. എ.കെ.ജി സെന്റർ മന്ദിരം എ.കെ.ജി പഠന ഗവേഷണകേന്ദ്രത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ്. അവിടെയാണ് പാർട്ടി സംസ്ഥാനകമ്മിറ്റി ഓഫീസും പ്രവർത്തിക്കുന്നത്.ഇതിൻ്റെ നിർമാണ പ്രവർത്തനവും വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്.
എ.കെ.ജി സെന്ററിന് മുന്നിൽ നിന്ന് എം.ജി റോഡിലെ സ്പെൻസർ ജംഗ്ഷനിലേക്കുള്ള ഡോ.എൻ.എസ്. വാരിയർ റോഡിന്റെ വശത്താണ് പുതിയ സ്ഥലം. പാർട്ടി നേതാക്കൾ താമസിക്കുന്ന ഫ്ലാറ്റും ഇതിനടുത്താണ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ, 1977ലാണ് എ.കെ.ജി സെന്ററിനായി കേരള സർവ്വകലാശാലാ വളപ്പിലെ 34.4 സെന്റ് സ്ഥലം പതിച്ചു നൽകിയത്.