എറണാകുളം: കൊച്ചി നഗരത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ബ്രഹ്‌മപുരം തീപിടിത്ത വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് കത്ത് നൽകിയിരിക്കുന്നത്.
നഗരത്തിൽ വിഷപ്പുക പടർന്നിരിക്കുന്നുവെന്നും അടിയന്തിര ഇടപെടൽ നടത്തണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും തീ അണയ്‌ക്കാൻ സാധിക്കാത്തതും കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീ കെട്ടുതുടങ്ങിയതായി ഫയർഫോഴ്‌സ് അറിയിച്ചു. നാളെ പൂർണമായും തീ കെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊച്ചിയിലെ സംഭരണ കേന്ദ്രങ്ങളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. മാലിന്യം നീക്കം ചെയ്യുന്നതിനായുള്ള ശ്രമങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ.