ഹൂഗ്ലി: ബംഗാളിലെ ഹൂഗ്ലിയിൽ രാമനവമി ഘോഷയാത്രക്കിടെ സംഘർഷം. ഘോഷയാത്രക്കിടെയുണ്ടായ കല്ലേറിൽ ബി.ജെ.പി എം.എൽ.എ ബിമൻ ഘോഷിന് പരിക്കേറ്റു. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) മറ്റ് ഹിന്ദു സംഘടനകളും ചേർന്നാണ് റാലി സംഘടിപ്പിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് ദിവസം മുൻപ് ഹൗറയിൽ നടന്ന രാമനവമി ഘോഷയാത്രക്കിടെയും ബംഗാളിൽ സംഘർഷമുണ്ടായിരുന്നു.അന്ന് അക്രമികള്‍ നിരവധി വഹനങ്ങള്‍ക്ക് തീകൊടുക്കുകയും പൊലീസ് വാഹനങ്ങള്‍ അടക്കം തകർക്കുകയും ചെയ്തിരുന്നു. അതേ സമയം രാമനവമി ആഘോഷങ്ങളുടെ ഭാഗമായുണ്ടാകുന്ന സംഘർഷങ്ങള്‍ക്ക് പിന്നിൽ ബി.ജെ.പി ആണെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം.
എന്നാൽ മമത കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് അക്രമത്തിന് കാരണമെന്നാണ് ബി.ജെ.പി ആരോപണം. മമത രാഷ്ട്രീയം കളിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. ആരോപണങ്ങൾ നിഷേധിച്ച ബി.ജെ.പി സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.