ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങള്‍ അമേരിക്കയിലും സൗദി അറേബ്യയിലും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണില്‍ അമേരിക്കയിലും സെപ്റ്റംബറില്‍ സൗദിയിലുമായിരിക്കും മേഖലാ സമ്മേളനങ്ങള്‍ നടക്കുക. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി രണ്ട് ഉപസമിതികള്‍ രൂപീകരിച്ച് പ്രവാസി കാര്യവകുപ്പ് ഉത്തരവിറക്കി. എം.എ.യൂസഫലി, രവി പിള്ള, എം.അനിരുദ്ധന്‍ എന്നിവരും നോര്‍ക്കയിലെയും പ്രവാസികാര്യവകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അംഗങ്ങളാണ്. 2022 ഒക്ടോബറില്‍ ലോക കേരള സഭയുടെ യൂറോപ്യന്‍ സമ്മേളനം ലണ്ടനില്‍ നടന്നിരുന്നു.
യൂറോപ്യന്‍ യാത്രക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുപോയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ലോക കേരള സഭ പോലുള്ളവക്കായി പണം ചെലവഴിക്കണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. അതേസമയം പ്രവാസികളെ കേരളത്തിന്‍റെ വികസനത്തിന് ഒപ്പം കൂട്ടുന്നതിനാണ് ലോക കേരള സഭകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. ലോക കേരള സഭയുടെ വിദേശ സമ്മേളനം ടൂറിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിക്ക് അപാരതൊലിക്കട്ടിയാണ്. ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നില്ല. വാര്‍ഷിക ആഘോഷത്തിന് കോടികള്‍ അനുവദിച്ചെന്നും സതീശന്‍ പറഞ്ഞു.