തൃശൂർ : ജില്ലയിലെ നഴ്സുമാരുടെ സമരത്തില്‍നിന്ന് ആറ് സ്വകാര്യ ആശുപത്രികളെ ഒഴിവാക്കി. അമല, ജൂബിലി മിഷന്‍, ദയ, വെസ്റ്റ് ഫോര്‍ട്ട്, സണ്‍, മലങ്കര മിഷന്‍ ആശുപത്രികൾ വേതനം വര്‍ധിപ്പിച്ചതോടെയാണിത്. ഈ ആശുപത്രികളില്‍ 50% ഇടക്കാലാശ്വാസം നല്‍കാന്‍ ധാരണയായി. വേതനം 20% വര്‍ധിപ്പിച്ചു. 24 ആശുപത്രികളില്‍ സമരം തുടരും. തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസം നഴ്സുമാര്‍ പണിമുടക്കും.
തീവ്രപരിചരണ വിഭാഗത്തില്‍പോലും നഴ്സുമാര്‍ ജോലിക്കു കയറില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യേണ്ടിവരുമെന്ന് ആശുപത്രികള്‍ ബന്ധുക്കളെ അറിയിച്ചു. ദിവസവേതനം 1500 രൂപയായി വര്‍ധിപ്പിക്കണമെന്നാണു നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. നിലവില്‍ 800 രൂപയാണ് ദിവസവേതനം. വര്‍ധിപ്പിക്കുന്ന വേതനത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കണമെന്നും ആവശ്യമുണ്ട്.
ചൊവ്വാഴ്ച മുതല്‍ നഴ്‍സുമാരാരും ജോലിക്കു കയറില്ല. അടിയന്തര ചികിത്സയ്ക്കു രോഗികളെ മറ്റു ആശുപത്രികളില്‍ എത്തിക്കാന്‍ ആശുപത്രി കവാടത്തില്‍ യുഎന്‍എയുടെ അംഗങ്ങള്‍ ആംബുലന്‍സുമായി നിലയുറപ്പിക്കും. സ്വകാര്യ ആശുപത്രികളില്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് തുടങ്ങി. വെന്റിലേറ്റര്‍, ഐസിയു രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് അയൽ ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റാനാണ് നിർദേശം.
പ്രതിദിന വേതനം നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ പറഞ്ഞു. പലതവണ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.