കോട്ടയം: ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹവുമായി നല്ല സൗഹൃദമാണ് തനിക്കുള്ളത് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സഭകൾ ചർച്ചകൾ നടത്തണമെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. രാഷ്‌ട്രീയ സ്വയംസേവക സംഘം രാജ്യത്തെ ദേവിയായി കാണുന്ന പ്രസ്ഥാനമാണെന്നും രാജ്യ താല്പര്യം മുൻനിർത്തി വ്യക്തിത്വ വികസനം സാധ്യമാകുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പ്രശംസിച്ചു. ബിജെപി നേതാവ് എന്‍.ഹരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത തന്റെ നിലപാടുകൾ തുറന്നു പറഞ്ഞത്.
‘നരേന്ദ്രമോദി എന്ന വ്യക്തി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. സഭ വലുതോ ചെറുതോ ആയിക്കോട്ടെ, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണുന്നതും സംസാരിക്കുന്നതും നല്ലതാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം ആരെയും ആകർഷിക്കുന്നതാണ്. നല്ല വ്യക്തികളെ വളർത്തിയെടുക്കുക എന്നതാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അടിസ്ഥാന ലക്ഷ്യം. എങ്ങനെയാണ് സമൂഹത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള സംഘടനയാണ് ആർഎസ്എസ്. രാഷ്‌ട്രീയ സ്വയംസേവക സംഘം രാജ്യത്തെ ദേവിയായി കാണുന്ന പ്രസ്ഥാനമാണ്. രാജ്യ താല്പര്യം മുൻനിർത്തി വ്യക്തിത്വ വികസനം സാധ്യമാകുന്ന തരത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുന്ന, ലഹരി മുക്ത സമൂഹം കെട്ടിപ്പടുക്കാൻ നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്’.
‘മോദിജിയുമായി വ്യക്തിപരമായി എനിക്ക് നല്ല ബന്ധമുണ്ട്. ഏറെനാൾ ഗുജറാത്തിലെ അഹമ്മദാബാദിൽ സഭയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഗുജറാത്തിൽ സഭ നടത്തുന്ന നിരവധി സ്കൂളുകൾ ഉണ്ട്. പതിനായിരക്കണക്കിന് കുട്ടികൾക്ക് അടിസ്ഥാനപരമായും ഉന്നത നിലവാരത്തിലും മികച്ച വിദ്യാഭ്യാസം നൽകുന്ന സഭയുടെ പ്രവർത്തനങ്ങൾക്ക് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽ മോദിജി മികച്ച പിന്തുണയും സഹായവും നൽകിയിരുന്നു. പണം വാങ്ങി അസത്യങ്ങൾ എഴുതി വിടുന്ന ചുരുക്കം ചില മാദ്ധ്യമങ്ങൾ മാത്രമാണ് രാജ്യത്തു നടക്കുന്ന വികസന പ്രവർത്തനങ്ങൾ കാണാതെ പോകുന്നത്. ഉത്തരേന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷങ്ങൾക്ക് മേലുള്ള അക്രമങ്ങൾക്കെല്ലാം മോദിയോ ബിജെപിയോ ആണ് ഉത്തരവാദികൾ എന്ന കാഴ്ചപ്പാട് വ്യക്തിപരമായി എനിക്കില്ല’- എന്നും ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.