തിരുവല്ല: കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി തോമസ് രാജിവച്ചു. പാർട്ടിയിലെയും മുന്നണിയിലെയും ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് വിക്ടർ പറഞ്ഞു. പാർട്ടി ചെയർമാൻ പി.ജെ ജോസഫിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്നും വിക്ടർ രാജിക്കത്ത് നൽകി.
യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്നും പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി വച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർട്ടിക്കുള്ളിലേയും യുഡിഎഫിലേയും പ്രശ്‌നങ്ങൾ സംബന്ധിച്ച് ഏതാനും മാസങ്ങളായി നിരന്തരം പരാതി ഉയർത്തിവന്നിരുന്ന നേതാവായിരുന്നു വിക്ടർ ടി. തോമസ്. പാർട്ടി ചെയർമാൻ പി.ജെ ജോസഫുമായി അഭിപ്രായവ്യത്യാസങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
ഒപ്പം ജില്ലയിലെ ചില പ്രധാന കോൺഗ്രസ് നേതാക്കളുമായും അസ്വാരസ്യങ്ങളുണ്ടായിരുന്നു. നേരത്തെ, ജില്ലയിലെ കോൺഗ്രസും കേരളാ കോൺഗ്രസും പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതകൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇത്തരം അസ്വാരസ്യങ്ങൾ രൂക്ഷമായിരിക്കെയാണ് വിക്ടർ തോമസിന്റെ രാജി.
അതേസമയം, വിക്ടർ ബിജെപിയിലേക്ക് ചേക്കേറാനുള്ള ശ്രമം നടക്കുന്നതായും പാർട്ടി വൃത്തങ്ങളുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നുമുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
ഇതിനിടെ, ഇദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 20 വർഷമായി കേരളാ കോൺഗ്രസിൽ പ്രവർത്തിച്ചുവരുന്ന നേതാവാണ് വിക്ടർ ടി തോമസ്. തിരുവല്ല മണ്ഡലത്തിൽ മുമ്പ് മത്സരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, വിക്ടറിന്റെ രാജിയിൽ കേരളാ കോൺഗ്രസോ യുഡിഎഫോ പ്രതികരിച്ചിട്ടില്ല. മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയാണെങ്കിൽ അപ്പോൾ പ്രതികരിക്കാം എന്നാണ് ഇവരുടെ നിലപാട്. പുതിയ രാഷ്ട്രീയ നീക്കം സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ വിക്ടർ പ്രതികരിക്കുമെന്നാണ് സൂചന.