ഖാർത്തൂം ∙ കലാപകലുഷിതമായ സുഡാനിൽനിന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെ രക്ഷിച്ച് സൗദി. വിവിധ രാജ്യക്കാരായ 157 പേരാണ് സൗദി നാവിക സേനയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യത്തിൽ ജിദ്ദ ചെങ്കടൽ തുറമുഖത്ത് വന്നിറങ്ങിയത്. രക്ഷാപ്രവർത്തനം തുടരും. 91 സൗദി പൗരൻമാരും ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളിൽ നിന്നുള്ള 66 പേരുമാണ് തിരിച്ചെത്തിയത്. ഖാര്‍ത്തൂമില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ സൗദീയ വിമാനത്തിലെ ജീവനക്കാരും ഇവരിൽ ഉൾപ്പെടും.
യുഎഇ, കുവൈത്ത്, ഖത്തർ, ഈജിപ്ത്, പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങി 12 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് രക്ഷപ്പെടുത്തിയതെന്നും ഇവരിൽ നയതന്ത്ര ഉദ്യോഗസ്ഥരുമുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശ പൗരൻമാർക്ക് സ്വന്തം രാജ്യത്തേക്കു പോകാൻ ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊണ്ടിരിക്കുകയാണെന്നും സൗദി വ്യക്തമാക്കി. സുഡാനിലെ സൗദി എംബസിയിലെ ജീവനക്കാരെ നേരത്തെതന്നെ കര മാർഗം പോർട് സുഡാനിലെത്തിച്ച് അവിടെനിന്ന് വ്യോമ മാർഗം സൗദിയിലെത്തിച്ചിരുന്നു.
ഈ മാസം പതിനഞ്ചിനാണ് സുഡാനിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഖാർത്തൂമിൽ 400ലേറെ പേർ കൊല്ലപ്പെട്ടു; 3500ലധികം പേർക്ക് പരുക്കേറ്റു. കലാപം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ വലിയ സിവിലിയൻ രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടന്നത്. യുഎസ്, യുകെ, ചൈന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ സൈനിക വിമാനങ്ങളിൽ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് സുഡാൻ സൈന്യം അറിയിച്ചു.