ഹൈദരാബാദ്: പൊലീസ് ഉദ്യോഗസ്ഥന്‍റേയും വനിതാ കോണ്‍സ്റ്റബിളിന്‍റേയും മുഖത്തടിച്ച് വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷ വൈഎസ് ശർമിള. പൊലീസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ നേതാവ് അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഏപ്രിൽ 24ന് രാവിലെ ജൂബിലി ഹിൽസിലാണ് സംഭവം നടന്നത്. ജൂബിലി ഹിൽസിലെ ലോട്ടസ് പോണ്ടിലുള്ള തന്റെ വസതിക്ക് പുറത്തേക്ക് പോകുന്നതിനിടെയാണ് തന്നെ തടഞ്ഞ പൊലീസുകാരിയെ ശർമിള തല്ലിയത്. കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ തള്ളുകയും ചെയ്തു.
തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (ടിഎസ്പിഎസ്‌സി) പരീക്ഷ പേപ്പർ ചോർച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ കാണാൻ ശർമിളയെ വീട്ടിൽ നിന്ന് പൊലീസ് തടഞ്ഞതതോടെയാണ് സംഭവം. പൊലീസ് തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് ശർമിളയും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നാണ് തന്നെ തടഞ്ഞ ഉദ്യോഗസ്ഥയെ ശർമിള മുഖത്തടിച്ചത്.
പിന്നീട് പൊലീസ് തന്നെ തടഞ്ഞ് വെച്ചെന്ന് ആരോപിച്ച് അവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങി. ഉദ്യോഗസ്ഥയെ മർദ്ദിച്ചതോടെ പൊലീസ് ശർമിളയെ കസ്റ്റഡിയിലെടുത്ത് ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനിലെത്തിയ ശർമിളയുടെ മാതാവ് വൈഎസ് വിജയമ്മയും പൊലീസ് സ്റ്റേഷന് മുന്നിലെത്തി ബഹളം വെച്ചു. പൊലീസ് സ്റ്റേഷനു മുന്നിൽ തടഞ്ഞതോടെയാണ് വിജയമ്മ ബഹളമുണ്ടാക്കിയത്.
ടെലങ്കാന സ്റ്റേറ്റ് പി എസ് സിയുടെ അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പി എസ് സി ജീവനക്കാർ ഉൾപ്പെടെ 15-ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 5ന് നടന്ന അസിസ്റ്റന്റ് എൻജിനീയർ പരീക്ഷ ടെലങ്കാന സ്റ്റേറ്റ് പി എസ് സി റദ്ദാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷ വൈഎസ് ശർമിള ചോദ്യ പേപ്പർ ചോർച്ചയിൽ പ്രത്യേക അന്വേഷണം നടത്തിയ സംഘത്തെ കാണാനൊരുങ്ങിയത്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വലിയ മീനുകളുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം നീതിയുക്തമായ അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് ശർമിളയുടെ ആരോപണം.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയായ ശർമിള വൈഎസ്ആർ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് സ്വന്തം പാർട്ടിയായ വൈഎസ്ആർ തെലങ്കാന പാർട്ടി രൂപീകരിച്ചത്. ജഗന്റെ അമ്മ വൈഎസ്ആർ കോൺഗ്രസിന്റെ ഓണററി പ്രസിഡന്റ് സ്ഥാനം രാജിവച്ച് മകളോടൊപ്പം ചേർന്നിരുന്നു. സർക്കാരിനെതിരെയാ പ്രതിഷേധങ്ങളെ തുടർന്ന് നിരവധി തവണ ശർമിള പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. സംസ്ഥാന സർക്കാർ പ്രതിഷേധങ്ങളെയും ചോദ്യം ചെയ്യലുകളെയും ഭയപ്പെടുകയാണെന്നാണ് ശർമിളയുടെ ആരോപണം.